തിരുവനന്തപുരം: കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കുടവൂർകോണം കൊടിക്കകത്ത് വീട്ടിൽ ശാരദയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂർത്തിയായി. വാദം ഇന്ന് ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടങ്ങും.
അയൽക്കാരനും മറ്റൊരു ക്രിമിനൽ കേസിലെ പ്രതിയുമായ മണികണ്ഠനാണ് പ്രതി. വിധവയായ ശാരദയെ മണികണ്ഠൻ നിരവധി തവണ ലെെംഗിക ബന്ധത്തിന് നിർബന്ധിച്ചു. വഴങ്ങാതിരുന്ന ശാരദയുടെ വീട്ടിൽ 2016 ഡിസംബർ 9 ന് രാത്രി 9ന് എത്തിയ പ്രതി കുടിക്കാൻ ഒരു ഗ്ളാസ് വെള്ളം ചോദിച്ചു. വെള്ളവുമായെത്തിയ ശാരദയെ പ്രതി കടന്നുപിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചു. ബഹളം വച്ചപ്പോൾ ശാരദയുടെ നെഞ്ചിലും വയറ്റിലും കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ശാരദയെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസം മുൻപ് മണികണ്ഠൻ ആലംകോട് പൂവൻപാറ കൊച്ചുവീട്ടിൽ സ്വദേശി മനുവിനെയും കുത്തി കൊലപ്പെടുത്തിയിരുന്നു. ഈ കേസിന്റെ വിചാരണ തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ. ജയിലിൽ കിടന്നാണ് പ്രതി മണികണ്ഠൻ ശാരദ കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. 32 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 49 രേഖകളും 21 തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.