തിരുവനന്തപുരം: അരുവിക്കര നിയോജക മണ്ഡലത്തിൽ മത്സരിച്ച ജി. സ്റ്റീഫൻ അട്ടിമറി വിജയം നേടിയെങ്കിലും, അവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാര്യമായി സഹകരിച്ചില്ലെന്ന വിമർശനത്തിനിരയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ വി.കെ. മധുവിനെതിരെ അന്വേഷണത്തിന് സി.പി.എം ജില്ലാകമ്മിറ്റിയുടെ തീരുമാനം. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ മുൻ മേയർ സി. ജയൻബാബു, കെ.സി. വിക്രമൻ, സി. അജയകുമാർ എന്നിവരടങ്ങിയ സമിതിയാകും അന്വേഷിക്കുക. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ അവലോകനത്തിന് ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിലാണ് മധുവിനെതിരെ വൻ വിമർശനമുയർന്നത്. പാർട്ടിയിൽ ജില്ലയുടെ ചുമതലക്കാരനായ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗങ്ങൾ.

പാർട്ടി താത്പര്യം ഉയർത്തിപ്പിടിക്കുന്നതിന് പകരം വ്യക്തിതാത്പര്യത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനം മുതിർന്ന നേതാവായ വി.കെ. മധുവിൽ നിന്നുണ്ടായെന്ന് യോഗം വിലയിരുത്തി. പാർലമെന്ററി വ്യാമോഹത്തിനടിപ്പെട്ടുള്ള നയവ്യതിയാനങ്ങൾ കൂടിവരുന്നത് നല്ല പ്രവണതയല്ല. അരുവിക്കരയിൽ തുടക്കത്തിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച വി.കെ. മധു, തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ എല്ലാവർക്കും ബോദ്ധ്യമാകുന്ന തരത്തിൽത്തന്നെ പലപ്പോഴും നിസഹകരണം പ്രകടമാക്കിയെന്നാണ് വിമർശനം. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ നിന്ന്, തിരഞ്ഞെടുപ്പ് ചുമതലക്കാരൻ കൂടിയായിട്ടും ബോധപൂർവം വിട്ടുനിൽക്കുന്ന സ്ഥിതിയുണ്ടായി. ഇത് പ്രവർത്തകരുടെ പരാതികൾക്കിടയാക്കിയിട്ടുണ്ടെന്നും വിമർശനമുയർന്നു. സ്റ്റീഫന്റെ പരാജയം ആഗ്രഹിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു മധുവിന്റെ ഇടപെടലുണ്ടായതെന്ന് യോഗത്തിൽ മിക്കവരും വിമർശിച്ചു.

അരുവിക്കരയിലേക്ക് തുടക്കത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് വി.കെ. മധുവിന്റെ പേരായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം തിരുത്തൽ വരുത്തിയാണ് ജി. സ്റ്റീഫനെ പരിഗണിച്ചത്. ജില്ലാ സെക്രട്ടേറിയറ്റിലുയർന്ന അഭിപ്രായപ്രകടനങ്ങളുടെ വിശദാംശങ്ങൾ ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ചു. ജില്ലയിൽ പാർട്ടിക്കും മുന്നണിക്കും തിളക്കമേറിയ വിജയത്തിനിടയാക്കിയത് സംഘടനാരംഗത്തെ മികവാണെന്നാണ് പാർട്ടി വിലയിരുത്തൽ. സർക്കാരിന്റെ ക്ഷേമ, വികസന നേട്ടങ്ങളും കൊവിഡ് കാലത്ത് പാർട്ടി മുൻകൈയെടുത്ത് നടത്തിയ സേവനപ്രവർത്തനങ്ങളും തുണച്ചിട്ടുണ്ട്. വോട്ടർമാരിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് ഇടപെടുന്നതിൽ പാർട്ടിക്ക് വിജയിക്കാനായിട്ടുണ്ട്. 1987ന് ശേഷം ആദ്യമായാണ് 14ൽ 13 സീറ്റും ജില്ലയിൽ മുന്നണി പിടിച്ചെടുക്കുന്നതെന്നും യോഗം വിലയിരുത്തി.