തിരുവനന്തപുരം: പ്രതികളെ തിരിച്ചറിഞ്ഞ് ദിവസങ്ങളായിട്ടും അവരെ പിടിക്കാൻ സാധിക്കാത്തത് ചിലർ സംരക്ഷണം ഒരുക്കുന്നതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പേട്ടയിൽ ആക്രമണത്തിനിരയായവരെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം. സംരക്ഷണമില്ലെങ്കിൽ എന്തുകൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്യാൻ സാധിക്കത്തത്. പൊലീസ് നിഷ്ക്രിയമായതുകൊണ്ടാണ് ഇവിടെ ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നത്. രാഷ്ട്രീയക്കാരാണ് ഇവർക്ക് സംരക്ഷണമൊരുക്കി ഒത്താശകൾ ചെയ്യുന്നത്. തലസ്ഥാനത്തും സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയായി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും വി.ഡി. സതീശൻ പറഞ്ഞു.