വെഞ്ഞാറമൂട്: കിണറ്റിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ രണ്ടുപേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളുമണ്ണടി വട്ടയം സരോവരത്തിൽ സജി, ഭാര്യ സഹോദരൻ രാജേന്ദ്രൻ നായർ എന്നിവരെയാണ് വെഞ്ഞാറമൂട് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഭാര്യയുടെ കുടുംബവീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയ സജിയാണ് ആദ്യം കുടുങ്ങിയത്. പണി കഴിഞ്ഞ് മുകളിലേക്ക് കയറുന്നതിനിടെ കിണറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഇതുകണ്ട് ഭാര്യാസഹോദരനായ രാജേന്ദ്രൻ നായർ രക്ഷപ്പെടുത്താനായി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ഇദ്ദേഹത്തിനും കരയ്ക്കുകയറാൻ കഴിയാതെവന്നു. തുടർന്ന് നാട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഇരുവരെയും കരയ്ക്ക് കയറ്റുകയുമായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.ടി. ജോർജ്, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സുനിൽ. കെ.എസ്, ഫയർ ഓഫീസർ ലിജോ, ഡ്രൈവർ സജിത്, ഹോം ഗാർഡുമാരായ രജീവൻ, അരുൺ.എസ്. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.