തിരുവനന്തപുരം: ചാക്ക കൊലപാതകത്തിലെ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. കൊലപാതകത്തിൽ മറ്റാരെങ്കിലും നേരിട്ട് പങ്കെടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾക്ക് വ്യക്തതവരുത്താനാണിത്. പ്രതികളായ സനൽ മുഹമ്മദിന്റെയും സജാദിന്റെയും കൊല്ലപ്പെട്ട സമ്പത്തിന്റെയും ഫോൺ കാളുകൾ സംബന്ധിച്ച വിവരങ്ങളാണ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് ശേഖരിക്കുന്നത്.
കൊലപാതകം നടന്നതുൾപ്പടെ ഒരാഴ്ചത്തെ കാൾ ലിസ്റ്റാണ് പരിശോധിക്കുന്നത്. കഞ്ചാവ് വില്പന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. അതിനാൽ മുൻകൂട്ടി പദ്ധതി തയാറാക്കി വന്നതിനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇതിന്റെ ഭാഗമായാണ് ഫോൺ പരിശോധിക്കുന്നത്. തങ്ങൾ രണ്ട് പേരും മാത്രമാണുണ്ടായിരുന്നതെന്നാണ് പ്രതികളുടെ മൊഴി. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി അടുത്ത ദിവസം ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് വഞ്ചിയൂർ സി.ഐ പറഞ്ഞു.