പാറശാല: ബൈക്കിലെത്തിയ യുവാവ് വഴി ചോദിക്കുന്നതിനിടെ യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. പളുകൽ പുല്ലാന്നിവിള വീട്ടിൽ ശൈലജയുടെ മൂന്ന് പവന്റെ മാലയാണ് കവർന്നത്. ചൊവ്വാഴ്ച രാവിലെ 9ന് മലയടി കീരന്തൂർ റോഡിൽ നിന്ന് പളുകളിലേക്കുള്ള വഴിയിൽ ചെങ്കക്കുളത്തിന് സമീപത്ത് ആളൊഴിഞ്ഞ ഭാഗത്ത് വച്ചാണ് കവർച്ച നടന്നത്.

പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് ശൈലജ വീട്ടിലേക്ക് മടങ്ങി വരവേയാണ് സംഭവം. എതിരെ ബൈക്കിൽ വന്ന യുവാവ് കാരക്കോണത്തേക്ക് പോകുന്നതിനുള്ള വഴി ചോദിച്ച് മനസിലാക്കിയശേഷം മുന്നോട്ടു പോയി വീണ്ടും തിരികെയെത്തി മാല പൊട്ടിച്ച് കടക്കുകയായിരുന്നു. തുടർന്ന് ശൈലജ വീട്ടുകാരുമായി പളുകൽ സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.