ldf

തിരുവനന്തപുരം: കൊവിഡ് ദുരിതത്തിൽ നട്ടംതിരിയുന്ന ജനങ്ങൾക്കുമേൽ ഇന്ധനക്കൊള്ളയിലൂടെ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ എൽ.ഡി.എഫ് പ്രതിഷേധം. സംസ്ഥാന വ്യാപകമായി ലക്ഷത്തോളം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർ അണിനിരന്നു. സാമൂഹ്യ- സാംസ്‌കാരിക-കലാ രംഗങ്ങളിലെ പ്രമുഖരടക്കം പ്രതിഷേധത്തിൽ പങ്കുകൊണ്ടു.

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് ഒരു കേന്ദ്രത്തിൽ നാലു പേർ വീതമാണ് പങ്കെടുത്തത്. പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം വിളിച്ച് വൈകിട്ട് നാലിന് ഒത്തുകൂടിയ ജനങ്ങൾ ഒരു മണിക്കൂറിലേറെ സമര കേന്ദ്രങ്ങളിൽ ചെലവഴിച്ചു. പാതയോരവും ജംഗ്ഷനുകളും തൊഴിൽ കേന്ദ്രങ്ങളും വീട്ടുവളപ്പുകളും സമര കേന്ദ്രങ്ങളായി.

പഞ്ചായത്ത് വാർഡുകളിൽ 25 കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി– കോർപ്പറേഷൻ വാർഡുകളിൽ നൂറു കേന്ദ്രങ്ങളിലുമാണ് സമരം സംഘടിപ്പിച്ചത്. തലസ്ഥാനത്ത് എ.കെ.ജി സെന്ററിനു മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാർ ഉദ്ഘാടനം ചെയ്‌തു.