പാറശാല: നിർമ്മൽ കൃഷ്‌ണ ചിട്ടി തട്ടിപ്പിലെ പ്രതി നിർമ്മലന്റെ ഉടമസ്ഥതയിലുള്ള വസ്തുകളിലെ തടികൾ മുറിച്ച് കടത്താൻ ശ്രമിച്ചത് സമരസമിതി പ്രവർത്തകർ ചേർന്ന് തടഞ്ഞു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ബാദ്ധ്യതപ്പെടുത്തിയിട്ടുള്ളതും പളുകൽ നിർമ്മൽ കൃഷ്‌ണ ചിട്ടി ഫണ്ടിന്റെ സമീപത്തായുമുള്ള 85 സെന്റോളം വരുന്ന വസ്തുവിലെ തടികളാണ് നിർമ്മലന്റെ ബന്ധുവായ ആൾ മുറിച്ച് കടത്താൻ ശ്രമിച്ചത്.

വിവരം അറിഞ്ഞെത്തിയ നിക്ഷേപകർ ഇത് തടയുകയും വിവരം പളുകൽ പൊലീസിന് കൈമാറുകയുമായിരുന്നു. വസ്തുക്കളിൽ ഉണ്ടായിരുന്ന മഹാഗണി, പ്ലാവ്, ആഞ്ഞിൽ, റബർ എന്നിവയാണ് സംഘമായി എത്തിയവർ മുറിച്ച് കടത്താൻ ശ്രമിച്ചത്. എന്നാൽ പൊലീസ് എത്തി നടപടികൾ തടയുകയുകയായിരുന്നു. മാത്രമല്ല രാവിലെ തന്നെ ലോറിയിൽ കടത്തിയ തടികൾ അതേ ലോറിയിൽ തന്നെ തിരികെ എത്തിച്ച ശേഷം വസ്തുവിൽ തന്നെ സൂക്ഷിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് ഇയാൾ തന്നെ കടത്തിയ 15 ലക്ഷം വിലവരുന്ന തേക്ക് തടികൾ വിറ്റതിനെ തുടർന്നാണ് വീണ്ടും തടികൾ മുറിച്ച് കടത്താൻ ശ്രമിച്ചത്.