fffff

തിരുവനന്തപുരം: മദ്യ ലഹരിയിൽ പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന എസ്.ഐയോട് തട്ടിക്കയറി നർക്കോട്ടിക്സ് സി.ഐ. ഇന്നലെ വൈകിട്ട് കുമരിച്ചന്തയിൽ വച്ചാണ് നർക്കോട്ടിക്സ് സി.ഐ മദ്യലഹരിയിൽ പൂന്തുറ എസ്.ഐയോട് തട്ടിക്കയറിയത്.

അമിത മദ്യലഹരിയിലായിരുന്ന സി.ഐ കിഴക്കേകോട്ടയിൽ നിന്ന് ഓട്ടോ പിടിച്ചു. മദ്യാസക്തിയിൽ ബഹളം വച്ചതോടെ ഓട്ടോഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ താൻ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യാത്ര തുടർന്നു. കൃത്യമായ സ്ഥലം പറയാതെ ഓട്ടോക്കാരനെ സി.ഐ നഗരം മുഴുവൻ ചുറ്റിച്ചു.

ഒടുവിൽ കറങ്ങിത്തിരിഞ്ഞ് കുമരിച്ചന്ത എത്തിയപ്പോൾ പൂന്തുറ എസ്.ഐയും സംഘവും അവിടെ പട്രോളിംഗ് നടത്തുകയായിരുന്നു. ഉടൻതന്നെ ഓട്ടോ ഡ്രൈവർ വണ്ടി നിറുത്തി എസ്.ഐയോടും സംഘത്തോടും കാര്യം പറഞ്ഞു. എന്നാൽ ഇയാൾ പൊലീസുകാരനാണെന്ന് ഓട്ടോ ഡ്രൈവർ എസ്.ഐയോട് പറഞ്ഞില്ല. എസ്.ഐ എത്തി വിവരങ്ങൾ ചോദിച്ചപ്പോൾ ഇയാൾ തട്ടിക്കയറി. തുടർന്ന് രണ്ടുപേരും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഒടുവിൽ ഇയാൾ താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് എസ്.ഐയോട് പറയുകയും തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. തുടർന്ന് എസ്.ഐ തന്നെ ഇയാളെ അനുനയിപ്പിച്ച് ഓട്ടോയിൽ കയറ്റിവിട്ടു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പിന്നീട് പൂന്തുറ സി.ഐ പ്രതികരിച്ചത്. സംഭവം വിവാദമാകുമെന്നായപ്പോൾ ഉദ്യോസ്ഥർ തന്നെ സംഭവം മുക്കി.