പനമരം (വയനാട്): വീട്ടിൽ കടന്നുകയറിയ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ കുത്തേറ്റ ദമ്പതികളിൽ ഭാര്യ പത്മാവതിയും (68) മരിച്ചു. റിട്ട. അദ്ധ്യാപകൻ കണിയാമ്പറ്റ താഴെ നെല്ലിയമ്പത്ത് 'പത്മാലയ"ത്തിൽ കേശവൻ വ്യാഴാഴ്ച രാത്രി മരണമടഞ്ഞിരുന്നു. സാരമായ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മാവതിയുടെ അന്ത്യം ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു. ഇരട്ടക്കൊല അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടു മണി കഴിഞ്ഞതോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. റോഡിൽ നിന്നു മാറി കാപ്പിത്തോട്ടത്തിനു നടുവിലുള്ള ഇരുനില വീട്ടിൽ ദമ്പതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ആൺമക്കളും മകളും വിവാഹിതരായി മറ്റിടങ്ങളിലാണ് താമസം. അഞ്ചുകുന്ന് ഗവ. ഹൈസ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്നു കേശവൻ.
പത്മാവതിയുടെ നിലവിളി കേട്ട് ബന്ധു കൂടിയായ പൊലീസുകാരൻ അജിത് ഉൾപ്പെടെ അയൽവാസികൾ എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. മുഖംമൂടിയിട്ട രണ്ടു പേരാണ് കുത്തിയതെന്ന് പത്മാവതി പറഞ്ഞിരുന്നു. അക്രമികളുടെ ലക്ഷ്യം കവർച്ചയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും പത്മാവതിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടമായിട്ടില്ല. മുകൾനിലയിലൂടെയാണ് അക്രമികൾ അകത്തുകയറിയതെന്നു കരുതുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.