ele
കാർഷിക വിളകൾ കാട്ടാന നശിപ്പിച്ച നിലയിൽ

മാനന്തവാടി: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനാവാതെ വനപാലകർ ധർമ്മസങ്കടത്തിലായപ്പോൾ തീരാത്ത പേടിയിൽ പ്രദേശവാസികൾ.

ഒണ്ടയങ്ങാടി - 52നും വരടിമൂലയ്ക്കും ഇടയിലായാണ് കാട്ടാനയിറങ്ങിയത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഇന്നലെ രാവിലെ കണ്ട കൊമ്പൻ ശനിയാഴ്ച രാത്രിയോടെ ഈ ഭാഗത്തെത്തിയതായാണ് നിഗമനം.

കുറുവ ഭാഗത്ത് നിന്നു പുഴ കടന്ന് മുട്ടങ്കര കുറുക്കൻമൂല വഴിയാണ് കാട്ടാന എത്തിയതെന്ന് കരുതുന്നു. ഇന്നലെ രാവിലെ പൊടുന്നനെ കാട്ടാനയെ കണ്ടതോടെ തന്നെ നാട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. പേര്യ റേഞ്ച് ഓഫീസർ സജീവന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം വൈകാതെ തന്നെ
സ്ഥലത്തെത്തി. വൈകിട്ടോടെ ബത്തേരിയിൽ നിന്നു ദിവാകരന്റെ നേതൃത്വത്തിൽ എത്തിയ
റാപ്പിഡ് റെസ്‌പോൺസ് ടീമും ഡി.എഫ്.ഒ രമേശ് വിഷ്‌ണോയ്, ബേഗൂർ റേഞ്ച് ഓഫീസർ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കൂടി ചേർന്ന് കാട്ടാനയെ വനത്തിലേക്ക്
തുരത്താൻ കാര്യമായ ശ്രമം തുടങ്ങിയെങ്കിലും ഫലിച്ചില്ല. ശക്തമായ മഴയും ആനയെ വേഗത്തിൽ തുരത്തുന്നതിന് പ്രതികൂലമായി മാറി.

കാട്ടാന കടന്നു പോയ വഴിയിൽ കാര്യമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. മുദ്രമൂല കൂട്ടുങ്കൽ തോമസിന്റെ ഇഞ്ചി, പയർ, കപ്പ തുടങ്ങിയവ നല്ലൊരു പങ്കും നശിപ്പിക്കപ്പെട്ട നിലയിലാണ്.

ജനവാസ കേന്ദ്രത്തിലുള്ള ആനയെ തുരത്തുമ്പോൾ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ സാദ്ധ്യത ഏറെയാണെന്നിരിക്കെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ പലയിടത്തും മുൻകരുതലെന്ന നിലയിൽ വനപാലകരെ നിയോഗിച്ചിട്ടുമുണ്ട്‌.