കൽപ്പറ്റ: സി.പി.എം നേതാവും കൽപ്പറ്റ മുൻ എം.എൽ.എയുമായ സി.കെ ശശീന്ദ്രനിൽനിന്നും വായ്പയായി വാങ്ങിയ പണമാണ് തിരികെ നൽകിയതെന്ന് സി.കെ ജാനു. ശശീന്ദ്രനുമായി കുറേ കാലമായുള്ള സുഹൃത്ത് ബന്ധമുണ്ട്. മൂന്ന് ലക്ഷം രൂപയാണ് വായ്പ വാങ്ങിയത്. ഒന്നര ലക്ഷം വീതം രണ്ട് ഗഡുക്കളായാണ് മടക്കി നൽകിയത്. ബാങ്ക് വഴിയാണ് ശശീന്ദ്രൻ പണം നൽകിയത്. അതുവഴി തന്നെയാണ് തിരിച്ച് കൊടുത്തത്.
കടം വാങ്ങലും കൊടുക്കലും സാധാരണയാണ്. എനിക്ക് കുറെ കടമുണ്ട്. ഞാൻ പലരോടും പണം കടം വാങ്ങിയിട്ടുണ്ട്. കുറെ കൊടുത്ത് തീർത്തു. ഇനിയും പലർക്കും കൊടുക്കാനുണ്ട്. എനിക്ക് പറമ്പിൽ ആദായമുണ്ട്. അത് കണക്കിലെടുത്താണ് വാങ്ങലും കൊടുക്കലും. ചിലപ്പോൾ പറഞ്ഞ സമയത്ത് വാങ്ങിയ തുക കൊടുക്കാൻ കഴിയാറില്ല. അത് പിന്നീടായാലും കൊടുത്ത് തീർക്കും. നല്ലൊരു കർഷക കൂടിയാണ് ഞാൻ. ഇപ്പോൾ കൃഷിയും പ്രതിസന്ധിയിലാണ്. കാർഷിക വിളകൾക്ക് വിലയില്ല. അപ്പോൾ കടം വാങ്ങിയ തുക കൃത്യമായി കൊടുക്കാൻ കഴിയില്ല. എനിക്കാരും കോഴ നൽകിയിട്ടില്ല. അങ്ങനെയെങ്കിൽ ആരോപണം തെളിയിക്കട്ടെ. ഇന്ന് കൽപ്പറ്റയിൽ വാർത്താ സമ്മേളനം നടത്തി കൂടുതൽ കാര്യങ്ങൾ പറയുമെന്നും ജാനു പറഞ്ഞു.