കൽപ്പറ്റ:അമ്പത്തിയൊന്ന് വർഷം മുമ്പ് തിരുനെല്ലി കാട്ടിൽ പൊലീസ് പിടിച്ച് കൊണ്ട് പോയി പച്ചയ്ക്ക് വെടിവച്ച് കൊലപ്പെടുത്തിയ നക്സലൈറ്റ് നേതാവ് എ. വർഗ്ഗീസിന്റെ പ്രേതം സർക്കാരിനെ വേട്ടയാടുകയാണെന്ന് ബന്ധുക്കൾ.
നഷ്ടപരിഹാരമായി കുടുംബം അമ്പതു ലക്ഷം രൂപ ആവശ്യപ്പെട്ടത് നാലു സഹോദരങ്ങൾക്ക് ജീവിക്കാൻ വേണ്ടി അല്ലെന്നും അതെന്തിനാണ് രഹസ്യമായി തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഇട്ടതെന്നും അവർ ചോദിച്ചു.
രണ്ടാഴ്ച മുമ്പാണ് പണം വെള്ളമണ്ട ബാങ്കിലെ അക്കൗണ്ടിൽ വന്നതെന്നും സർക്കാരിൽ നിന്ന് ഇക്കാര്യം ആരും അറിയിച്ചില്ലെന്നും സഹോദരൻ അരീക്കാട്ട് തോമസ് കേരള കൗമുദിയോട് പറഞ്ഞു.
എന്തിനാണ് സർക്കാർ ഇങ്ങനെ ഒളിച്ച് വന്ന് തുക ബാങ്കിലേക്ക് കൈമാറിയത്?.ബാങ്കിൽ നിന്ന് മാനേജർ വിളിച്ച് പറഞ്ഞപ്പോഴാണ് സർക്കാർ പ്രഖ്യാപിച്ച തുക വന്ന വിവരം അറിഞ്ഞതെന്ന് മറ്റൊരു സഹോദരനായ ജോസഫ് പറഞ്ഞു. പൈസ വന്നു എന്നതിന് ഡിക്ളറേഷൻ വാങ്ങാൻ പൊലീസ് രഹസ്യമായി വീട്ടിലെത്തിയിരുന്നു.
1970 ഫെബ്രുവരി 18നാണ് വർഗീസിനെ അതിമൃഗീയമായി കൊലപ്പെടുത്തിയത്. അന്നേ ഞങ്ങൾ പറഞ്ഞു.ഇത് ഏറ്റുമുട്ടലല്ല, കസ്റ്റഡി മരണമാണ്. മനുഷ്യാവകാശ ലംഘനം നടത്തിയപ്പോൾ അതിനെതിരെ കേസ് ഫയൽ ചെയ്തു.അതിന് അമ്പത് വർഷം കാത്തിരിക്കേണ്ടി വന്നു. തുക അല്ല ഇവിടെ വിഷയം.ഇങ്ങനെ ആരെയെങ്കിലും പിടിച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയാൽ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ട് എന്ന് തെളിയിക്കലാണ് തങ്ങൾ നിയമ പോരാട്ടത്തിലൂടെ നടത്തിയത്.
മകന്റെ മരണത്തിനെ ചോദ്യം ചെയ്ത് കൊണ്ട് 1970 മുതൽ പിതാവ് അരീക്കാട്ട് വർക്കി തുടങ്ങിയ പോരാട്ടം സഹോദരങ്ങൾ ഏറ്റെടുക്കുന്നത് 1998ലാണ്. ഏറ്റവും പ്രധാനപ്പെട്ട വിധി ന്യായമാണ് ഉണ്ടായത്. തുക കൊടുത്തു എന്ന് പറയാനുളള ചങ്കൂറ്റം എന്തേ സർക്കാർ കാണിക്കാത്തത്?.
സർക്കാർ അനുവദിച്ച തുകയും പൈതൃക സ്വത്തായ എഴുപത് സെന്റ് വീടും ഉപയോഗപ്പെടുത്തി ലെനിനിസ്റ്റ് ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കുമെന്ന് സഹോദര പുത്രൻ അഡ്വ. എ. വർഗീസ് പറഞ്ഞു.