prasanth

കൽപ്പറ്റ: സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാവാൻ സി.കെ. ജാനുവിന് ലക്ഷങ്ങൾ നൽകിയെന്ന കേസിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൊഴിയെടുക്കൽ ഏതാണ്ട് ഏഴു മണിക്കൂർ നീണ്ടു. ജാനു ഉൾപ്പടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.

ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു മാദ്ധ്യമപ്രവർത്തകരോടുള്ള പ്രശാന്തിന്റെ പ്രതികരണം. അന്വേഷണ സംഘത്തെ കാര്യങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

രാവിലെ എട്ടു മണിയോടെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ പ്രശാന്ത് ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് മടങ്ങിയത്.

ബത്തേരിയിലെ ഹോം സ്‌റ്റേയിൽ വച്ച് ജാനുവിന് 25 ലക്ഷം രൂപ കൈമാറിയത് പ്രശാന്ത് മലവയലാണെന്ന് ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോട് മൊഴി നൽകിയിരുന്നു. നിവേദ്യമടങ്ങിയ തുണി സഞ്ചിയിൽ ഒളിപ്പിച്ച് പണം കൈമാറിയെന്നായിരുന്നു മൊഴി.