s

അനധികൃത റീഹാബിലിറ്റേഷൻ കോഴ്സുകൾ വിനയാവുന്നു

ആലപ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യതായ റീ ഹാബിലിറ്റേഷൻ കോഴ്സുകൾ നടത്തുന്ന അനധികൃത കേന്ദ്രങ്ങൾ ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നു. കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി ജോലിക്കു ശ്രമിക്കുമ്പോഴാണ് പഠിച്ചത് അംഗീകാരമില്ലാത്ത സ്ഥാപനത്തിലാണെന്ന് ബോദ്ധ്യമാവുന്നത്. കബളിപ്പിക്കലിൽ സർക്കാർ ഏജൻസികളും പങ്കാളികളാകുന്നു എന്നതാണ് വിരോധാഭാസം.

1992ലെ റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ ആക്ട് പ്രകാരം കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നു ഡിഎഡ് / ബിഎഡ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനും നേടുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർക്ക് മാത്രമേ ഭിന്നശേഷി മേഖലയിൽ പഠന പരിശീലനം നൽകാൻ യോഗ്യതയുള്ളൂ. കൗൺസിലിന്റെ അംഗീകാരമില്ലാതെ, സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ പോലും ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നതായി പ്രൊഫഷണൽ അസോസിയേഷൻ ഒഫ് സ്പെഷ്യൽ എജ്യുക്കേറ്റേഴ്സ് പ്രവർത്തകർ പരാതിപ്പെടുന്നു.

അംഗീകാരമുള്ള ബിഎഡ്, എംഎഡ്, ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യുക്കേഷൻ കോഴ്സുകൾ പൂർത്തിയാക്കാൻ രണ്ട് വർഷം വേണമെന്നിരിക്കെ, തട്ടിക്കൂട്ട് ഓൺലൈൻ കോഴ്സുകൾ മാസങ്ങൾ കൊണ്ട് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാനാവും. ഇതേ സർട്ടിഫിക്കറ്റുമായി ജോലിക്ക് അപേക്ഷിക്കുമ്പോഴാണ് അംഗീകാരമില്ലാത്ത കോഴ്സാണ് പഠിച്ചതെന്ന് ബോദ്ധ്യമാവുന്നത്. 'പഠനവൈകല്യ'മുള്ള കുട്ടികളെ പരിശീലിപ്പിക്കാൻ പ്രാപ്തരാക്കാം എന്ന പരസ്യം നൽകിയാണ് വ്യാജ ഓൺലൈൻ കോഴ്സുകൾ പ്രവർത്തിക്കുന്നത്.

 തീരാത്ത പരിഭവം

റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടായിട്ടും സർക്കാരിൽ നിന്ന് അർഹമായ പരിഗണന തങ്ങൾക്ക് ലഭിക്കാറില്ലെന്ന് അദ്ധ്യാപകർ പറയുന്നു. അതത് സ്കൂളുകളിലെ വിദ്യാർ‌ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ഗ്രേഡ് നിശ്ചയിച്ചാണ് അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത്. കുട്ടികൾ കുറവെന്ന കാരണത്താൽ ഗ്രേഡ് താഴ്ന്നാൽ ശമ്പളവും കുറയും. പല മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിലും തുച്ഛമായ വേതനമാണ് സ്പെഷ്യൽ അദ്ധ്യാപകർക്ക് ലഭിക്കുന്നത്.

........................................

ആരോപണങ്ങൾ

 പഠനവൈകല്യം, ബുദ്ധിമാന്ദ്യം, ഓട്ടിസം മേഖലകളിൽ ഓൺലൈൻ, വാട്സാപ്പ് വ്യാജ കോഴ്സുകൾ

 വ്യാജൻമാരെ സൃഷ്ടിക്കുന്നതിൽ ഗവൺമെന്റ് ഏജൻസികളും പങ്കാളികളാവുന്നു

 ആർ.സി.ഐ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചിട്ടും നടപടികളില്ല

.................

യോഗ്യതയുള്ള സ്പെഷ്യൽ എഡ്യുക്കേറ്റ‌മാർക്ക് പോലും മികച്ച ശമ്പളമോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത സാഹചര്യത്തിലാണ് വ്യാജ കോഴ്സുകൾ വഴി കൂടുതൽപേർ പഠിച്ചിറങ്ങുന്നത്. ഇത്തരം കോഴ്സുകൾ വിലക്കാനും യോഗ്യതയുള്ള അദ്ധ്യാപകർക്ക് അംഗീകാരവും അവസരവും നൽകാനും സർക്കാർ തലത്തിൽ ഇടപെടലുണ്ടാവണം

എം.അരുൺ, ട്രഷറർ, പ്രൊഫഷണൽ അസോസിയേഷൻ ഒഫ് സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ്