 കാരണം പറയുന്നത് തീറ്റ വിലയിലെ വർദ്ധന

ആലപ്പുഴ: മത്സ്യത്തിന്റെ ക്ഷാമത്തിനും വിലക്കയറ്റത്തിനുമിടയിൽ അല്പം ആശ്വാസം പകർന്നിരുന്ന ഇറച്ചിക്കോഴി വില പറന്നുയരുന്നു. അഞ്ചു ദിവസത്തിനിടെ കോഴിവില 40 രൂപയും ഇറച്ചിമാത്രമായി 90 രൂപയുമാണ് കിലോയ്ക്ക് കൂടിയത്. 50 കിലോ വരുന്ന തീറ്റയ്ക്ക് 200 രൂപ വരെ കൂടിയതാണ് ഇറച്ചിക്കോഴി വിപണിയിൽ പ്രതിഫലിക്കുന്നത്.

മൊത്തവ്യാപാരികളും ഫാം ഉടമകളും ഒത്തു കളിച്ചപ്പോഴാണ് ആറുമാസം മുമ്പ് വില കുത്തനെ ഉയർന്നത്. തുടർന്ന് കടകൾ അടച്ചിട്ട് ചില്ലറവ്യാപാരികൾ നടത്തിയ പ്രതിഷേധത്തിനൊടുവിൽ വില കുറച്ചു. എന്നാൽ

കഴിഞ്ഞ ശനിയാഴ്ച വരെ കിലോയ്ക്ക് 75 ആയിരുന്ന ഇറച്ചിക്കോഴിവില 115-130 രൂപ വരെയെന്ന നിലയിൽ പെട്ടെന്ന് കളംമാറി. തീറ്റയുടെയും കോഴിക്ഷാമത്തിന്റെയും ജി.എസ്.ടിയുടെയും പേരിൽ മൊത്തവ്യാപാരികൾ തോന്നുംപോലെ വില വർദ്ധിപ്പിക്കുകയാണെന്ന് ചില്ലറ വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. മൊത്തവ്യാപാരികൾ വിലകൂട്ടുമ്പോൾ ചില്ലറ വില്പനക്കാരും കൂട്ടേണ്ടി വരും. ഇതാവട്ടെ, പല കടകളിലും പല രീതിയിലാവും.

ജില്ലകളിൽ ആവശ്യത്തിന് ഫാമുകൾ ഉള്ളതിനാൽ ഇവിടങ്ങളിലെ കോഴികളെയാണ് മൊത്തവ്യാപാരികൾ ചില്ലറ വില്പനശാലകളിൽ എത്തിക്കുന്നത്. വില ഓരോ ദിവസവും മാറിമാറി വരുന്നത് ഉപഭോക്താക്കളെ വലയ്ക്കുകയാണ്. ആലപ്പുഴ നഗരത്തിൽ മാത്രം നൂറിലധികം ചില്ലറ വില്പന ശാലകളുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ 200ൽ അധികം പേർക്ക് ഛർദ്ദി, അതിസാരം ഉണ്ടായതിനെ തുടർന്ന് വില്പന ഗണ്യമായി കുറയുകയും ചെയ്തു.

# ദിവസവും കോഴിയെങ്ങനെ!

ട്രോളിംഗ് നിരോധനത്തെത്തുടർന്നുള്ള മത്സ്യക്ഷാമവും വിലക്കയറ്റവും മൂലം തീൻമേശകളിലെ പ്രധാന താരമായിരുന്നു, വില കുറഞ്ഞ നാളുകളിൽ കോഴിയിറച്ചി. മത്തി വില കിലോയ്ക്ക് 240 രൂപയായിരുന്നു ഇന്നലെ. കോഴിവില 130 രൂപയാണെന്നു കരുതി എല്ലാദിവസവും കോഴിയെ വാങ്ങാനാവുമോ എന്നാണ് ഇറച്ചി പ്രേമികളുടെ നിരാശ കലർന്ന ചോദ്യം.

വില കുറഞ്ഞപ്പോൾ 10 മുതൽ 20 ശതമാനം വരെ വില്പന ഓരോ കടയിലും വർദ്ധിച്ചിരുന്നു.

# കൈയകലെയുണ്ട്

ജില്ലയിൽ ആവശ്യമായ ഇറച്ചിക്കോഴികളുടെ 70 ശതമാനവും ഇവിടത്തെ ഫാമുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. 30 ശതമാനം മാത്രമേ തമിഴ്നാട്ടിൽ നിന്ന് എത്തുന്നുള്ളൂ. അറുന്നൂറോളം ഫാമുകളുണ്ട് ആലപ്പുഴയിൽ.

................................

 ₹ 40: കോഴിവിലയിൽ ഒരാഴ്ചയിലുണ്ടായ വർദ്ധന

 ₹ 90: ഇറച്ചിവിലയിലെ വർദ്ധന

.............................................

# ഇറച്ചിക്കോഴി വില ഇന്നലെ (കിലോഗ്രാമിന്)

 കോഴി: 115 - 130  ഇറച്ചി: 190-200

# കഴിഞ്ഞ ആഴ്ച

കോഴി: 65 - 75  ഇറച്ചി: 100-105

..............................................

രണ്ടാം ലോക്ക്ഡൗണിന് മുമ്പ് ഉണ്ടായിരുന്ന വില്പന ഇപ്പോഴില്ല. വീട്ടുകാർക്കുള്ള കച്ചവടം മാത്രമാണ് ഇപ്പോഴുള്ളത്. പെട്ടന്ന് വില വർദ്ധിക്കുകയും കുത്തനെ ഇടിയുകയും ചെയ്യുന്നത് സ്റ്റോക്കുള്ള വ്യാപാരികൾക്ക് വലിയ നഷ്ടം ഉണ്ടാക്കും

പി.ആർ.ഷിഹാബ്, ജില്ലാ സെക്രട്ടറി,

ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ