മാവേലിക്കര: കേരള സർക്കാർ റെയിവേ മന്ത്രാലയത്തിന് സമർപ്പി​ച്ച സിൽവർ ലൈൻ കെ റെയിൽ പദ്ധതിയ്ക്ക് റെയിൽവേ അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മയാണ് ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അനുമതി ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം റെയിൽവേ ബോർഡ് ചെയർമാനെ കണ്ടിരുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ റെയിൽവേ ബോർഡ് പരിശോധിച്ചുവരികയാണെന്നും എളുപ്പത്തിൽ അനുമതി നൽകാൻ കഴിയുന്ന പദ്ധതിയല്ല കേരളസർക്കാർ നിർദേശിച്ച സിൽവർ ലൈൻ പദ്ധതിയെന്നും റെയിൽവേ ബോർഡ് ചെയർമാൻ അറിയിച്ചു. തിരൂർ മുതൽ കാസർഗോഡ് വരെ നിലവിലെ റെയിൽപാതയ്ക്ക് സമീപത്തുകൂടിയാണ് സിൽവർ ലൈൻ പാത നിർമിക്കാനുള്ള പദ്ധതി. ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വ്യക്തമാക്കിയതായും കൊടിക്കുന്നിൽ പറഞ്ഞു.