മാവേലിക്കര: ജലജീവൻ മിഷൻ പദ്ധതിയുടെ മണ്ഡലത്തിലെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി എം.എസ് അരുൺകുമാർ എം.എൽ.എ വാട്ടർ അതോറിറ്റി മാവേലിക്കര സബ്ഡിവിഷൻ ഓഫീസും പ്ലാന്റിന്റെ സ്ഥലവും സന്ദർശിച്ചു. അസി.എക്‌സിക്യുട്ടീവ് എൻജിനീയർ കെ.യു മിനി, അസി.എൻജിനീയർ ജി.ജോളിക്കുട്ടി എന്നിവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തഴക്കര കന്നിമേൽ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനം, തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് ടാങ്കിൽ വെള്ളമെത്തിക്കൽ, വള്ളികുന്നത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പടയണിവട്ടത്ത് സ്ഥലം ഏറ്റെടുത്ത് വാട്ടർ ടാങ്ക് നിർമ്മിക്കൽ, പാറ്റൂർ കുടിവെള്ള പദ്ധതിയുടെ വിപുലീകരണം തുടങ്ങിയ പദ്ധതികളും ചർച്ച ചെയ്തു.