പൂച്ചാക്കൽ: വേഗ ബോട്ട് അരുക്കുറ്റിയിൽ അടുപ്പിക്കുന്നതിന് ജെട്ടിയിൽ ആഴം കൂട്ടൽ പദ്ധതിക്ക് തുടക്കമായി. ഒന്നരവർഷക്കാലം മുമ്പാണ് വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് രണ്ട് മണിക്കൂർ കൊണ്ട് എത്തിചേരുവാൻ കഴിയുന്ന വേഗ ബോട്ട് സർവ്വീസ് തുടങ്ങിയത്. ഇത് റോഡ് ഗതാഗതത്തെക്കാൾ കൂടുതൽ ലാഭകരവും, കൂടുതൽ സുഖകരവുമായതിനാൽ നിരവധി സ്റ്റോപ്പുകൾ ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്തു വന്നിരുന്നു. ചരിത്രപ്രധാന്യമുള്ളതും, നിലവിലെ കണ്ടൈനർ ടെർമിനൽ പദ്ധതിയോട് ചേർന്ന് നിൽക്കുന്നതുമായ അരൂക്കുറ്റി ജെട്ടിയിൽ മണ്ണും എക്കലും നിറഞ്ഞതിനാൽ ബോട്ട് അടുക്കുവാൻ തടസമായിരുന്നു. അവിടെ നിന്നും മണ്ണ് നീക്കി ബോട്ട് ചാലിന്റെ ആഴം കൂട്ടും. ഇവിടെ നിന്ന് കരക്കെത്തിക്കുന്ന മണൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനെ ഏൽപിച്ച് അരൂക്കുറ്റി ആശുപത്രി പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഡ്രഡ്ജിങ്ങിന് മുന്നോടിയായി, എ.എം.ആരിഫ് എം പി, ദെലീമ ജോജോ എം.എൽ.എ,തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം പ്രമോദ്, പഞ്ചായത്ത് പ്രസിഡൻ്റ്റ് അഷറഫ് വെള്ളേഴത്ത്, വിദ്യ, ശാരിമനോജ്, ബി.വിനോദ് ,വിശ്വസത്യൻ, മേജർ ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ സലിം എന്നിവർ അരൂക്കുറ്റി ജെട്ടി സന്ദർശിച്ചു.