ആലപ്പുഴ: മുൻഗണനാ പട്ടികയിൽ നിന്ന് സ്വയം ഒഴി​വാകാനുള്ള സമയപരി​ധി​ അവസാനി​ക്കുന്നതോടെ ഇനി​യും മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ച് അനർഹമായി റേഷൻ കൈപ്പറ്റുന്നവർക്ക് ഉടൻ പി​ടി​വീഴും. അടുത്ത ദിവസങ്ങളിൽ റേഷനിംഗ് അധികൃതർ പരിശോധനയ്ക്ക് നേരിട്ട് ഇറങ്ങുന്നതോടെ അനർഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും മറുപടി​ പറയേണ്ടി​വരുന്ന സ്ഥി​തി​യാകും.

ബുധനാഴ്ച ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് ജില്ലയിൽ ഇതുവരെ 20625 കാർഡുകൾ ബി.പി.എൽ പട്ടികയിൽ നിന്ന് സ്വയം ഒഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊതുവിതരണ വകുപ്പിന് അപേക്ഷ നൽകാൻ സപ്ലൈ ഓഫീസിൽ തിരക്കായിരുന്നു. ജൂൺ 30 വരെയായിരുന്നു സ്വയം ഒഴിവാകാനുള്ള അവസാന തീയതി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻഗണന പട്ടികയിലെ അനർഹർ സ്വയം ഒഴിവാകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. മുൻഗണനാ പട്ടികയിലുള്ള, സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും കണ്ടെത്താൻ കഴിയാതിരുന്നവരാണു ഇപ്പോൾ സ്വയം അപേക്ഷ നൽകുന്നത്. മുൻഗണന പട്ടികയിൽ നിന്ന് ആളുകൾ ഒഴിവാകുന്നതിന് അനുസരിച്ച് പട്ടികയ്ക്കു പുറത്തുള്ള അർഹരായവർ ഇതിലുൾപ്പെടും.

......

# ആകെ ഒഴിഞ്ഞ അനർഹർ................20625

#എ.എ.വൈ മഞ്ഞ ..........320

# പി.എച്ച്.എച്ച് പിങ്ക്.................. 1643

# നീല-വെള്ള കാർഡിലേക്ക്....... 662

.....

# പിടി മുറുകും

അനർഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യധാന്യത്തിനും സർക്കാർ നിരക്കിലുള്ള തുക ഈടാക്കാനാണു തീരുമാനം. മുൻഗണനാ വിഭാഗത്തിന് ആളനുസരിച്ച് മുൻഗണനാ വിഭാഗത്തിൽ കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ കിലോഗ്രാമിന് 2 രൂപ നിരക്കിലാണ് ലഭിക്കുന്നത്. ഇതനുസരിച്ച് പിഴ തുക കണക്കാക്കും. പിഴ അടച്ചില്ലെങ്കിൽ ജപ്തി നടപടി സ്വീകരിച്ച് റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

....................

#മുൻഗണന കാർഡുകൾക്ക് അർഹതയില്ലാത്തവർ

സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖലാ/ സഹകരണ മേഖല ഉദ്യോഗസ്ഥരും പെൻഷണറും

ആദായ നികുതി അടക്കുന്നവർ,

പ്രതിമാസം 25000 രൂപയിലധികം വരുമാനമുള്ളവർ

ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീടുള്ളവർ

ഒരേക്കറിലധികം ഭൂമിയുള്ളവർ

ഏക ഉപജീവന മാർഗമല്ലാത്ത ടാക്‌സി ഒഴികെയുള്ള നാലു ചക്ര വാഹനം ഉള്ളവർ

........

'' അടുത്ത ദിവസം സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധനകളും റെയ്ഡും നടത്തും. തുടർന്നും കാർഡ് മാറ്റാതെ അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊതുജനങ്ങൾക്കും താലൂക്ക് സപ്ലൈ ഓഫീസിൽ അറിയിക്കാം.

ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ

..........................................