അമ്പലപ്പുഴ: രണ്ടാം കൃഷിക്കായി നിലം ഒരുക്കി ആഴ്ചകൾ കഴിഞ്ഞിട്ടും വിത്ത് ലഭിക്കാത്തതിനെ തുടർന്ന് കൃഷി ആരംഭിക്കാനാകുന്നില്ലെന്ന് കർഷകരുടെ പരാതി. അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ നാലുപാടം, നാലേക്കാട് തുടങ്ങിയ പാടശേഖരങ്ങളിലാണ് വിത്ത് ലഭിക്കാത്തതിനെ തുടർന്ന് കൃഷി ആരംഭിക്കാത്തത്.നാലുപാടം പാടശേഖരത്ത് കഴിഞ്ഞ 28ന് വിത്തു ലഭിക്കുമെന്നായിരുന്നു കൃഷിഭവൻ അറിയിച്ചിരുന്നത്.451 ഏക്കറുള്ള പാടശേഖരത്ത് 250 ഏക്കറിൽ വിതക്കാനുള്ള വിത്തു മാത്രമാണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു. 28 ന് വിത്തു ലഭിക്കുമെന്നു പറഞ്ഞ നാലേക്കാട് പാടശേഖരത്ത് വിത്ത് ലഭിക്കാതിരുന്നതിനെ തുടർന്ന് കള കിളിർക്കാതിരിക്കാനായി പാടത്ത് വെള്ളം കയറ്റി ഇട്ടു. സാധാരണ ഇടവമാസം അവസാനം മുതൽ മിഥുനമാസം വരെയുള്ള ഞാറ്റുവേലയിലാണ് കർഷകർ കൃഷി ഇറക്കുന്നത്.തുടർന്നു വരുന്ന കർക്കടകമാസം വിതക്ക് അനുയോജ്യമല്ലെന്ന വിശ്വാസമാണ് പൊതുവിൽ കർഷകർക്കുള്ളത്. പുഞ്ചകൃഷിയുടെ കൊയ്ത്തിനു ശേഷം സർക്കാർ സംഭരിച്ച നെല്ലിൻ്റെ വിലയും കർഷകർക്ക് ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.വീണ്ടും രണ്ടാം കൃഷിക്കായി പണയം വെച്ചും, പലിശക്കെടുത്തും നിലമൊരുക്കിയപ്പോഴുണ്ടായ വിത്ത് ലഭ്യതക്കുറവ് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.