 കച്ചവടക്കാരുടെ സർവ്വേ കുടുംബശ്രീ നേതൃത്വത്തിൽ

ആലപ്പുഴ: കേന്ദ്ര,സംസ്ഥാന സംയുക്ത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരങ്ങളിലെ വഴിയോര കച്ചവടക്കാരുടെ സ‌ർവേയ്ക്ക് തുടക്കമാകുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിവര ശേഖരണത്തിനു ശേഷം വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകുന്നതോടൊപ്പം ക്ഷേമ പദ്ധതികളിലും അംഗങ്ങളാക്കും. ലൈസൻസ് ഫീസ് ഈടാക്കുന്നതോടെ അന്യായമായ ഒഴിപ്പിക്കൽ ഭീഷണിയിൽ നിന്ന് ഇവർക്ക് സംരക്ഷണവും ലഭിക്കും.

വഴിയോര കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധികളും സംരക്ഷിക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ വഴിയോര കച്ചവടക്കാർക്ക് സഹായധനം നൽകാൻ കഴിഞ്ഞവർഷവും സർവേ നടത്തിയെങ്കിലും പൂർത്തിയായില്ല. ദേശീയ വഴിയോര കച്ചവട നിയമം 2014 പ്രകാരം കച്ചവടക്കാരുടെ സ്ഥിതിവിവരങ്ങൾ അത്യാവശ്യമാണ്.

സംസ്ഥാനത്തെ 93 നഗരങ്ങളിലും സർവേ നടത്തുന്നതിനോടൊപ്പം നഗരങ്ങളായി വളർന്നുകൊണ്ടിരിക്കുന്ന സെൻസസ് ടൗണുകൾ, ഔട്ട് ഗ്രോത്തുകൾ എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പുതിയ സർവേ നടത്തുന്നതെന്ന് കുടുംബശ്രീ സംസ്ഥാന അർബൻ പ്രോഗ്രാം ഓഫീസർ ജഹാംഗീർ പറഞ്ഞു. കച്ചവട സ്ഥലത്തിന്റെ പ്രാധാന്യം, വിൽക്കുന്ന സാധനങ്ങളുടെ സ്വഭാവം, പ്രതിദിന വരുമാനം, ഭക്ഷ്യ സുരക്ഷാ ലൈസൻസ്, കുടുംബാംഗങ്ങളുടെ വിവരം, സ്വന്തമായി സ്ഥലവും വീടുമുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ സ‌ർവേയിൽ ഉൾപ്പെടുത്തും.

......................................

 24,643: വഴിയോര കച്ചവടക്കാർ (2015-17സർവേ)

 1.20 ലക്ഷം: നിലവിലെ ഏകദേശ കണക്ക്

.......................................

ലൈസൻസ് ലഭിക്കുന്നത് വഴിയോര കട്ടവടക്കാരുടെ നിലനിൽപ്പിന് ഗുണകരമാണ്. സ്ഥിരമായുണ്ടാകുന്ന കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന് ഒഴിവാകാനും, ക്ഷേമ പദ്ധതികളിൽ അംഗങ്ങളാവാനും സാധിക്കും

ഷുഹൈബ്, വഴിയോര കച്ചവടക്കാരൻ