കായംകുളം: കഴിഞ്ഞ ദിവസം നിര്യാതനായ കരീലക്കുളങ്ങര സ്‌പിന്നിംഗ് മിൽ മുൻ ചെയർമാനും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ എം.എ അലിയാർക്ക് (63) അന്ത്യാഞ്ജലി.സ്പിന്നിംഗ് മിൽ അങ്കണത്തിലും സി പി എം ഏരിയാ കമ്മറ്റി ഓഫീസിലും പൊതദർശനത്തിന് വച്ച മൃതദേഹം ഷഹീദാർ മസ്ജിദിൽ സംസ്കരിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അന്ത്യം. മുഖ്യ മന്ത്രി പിണറായി വിജയൻ അലിയാരുടെ നിര്യാണത്തിൽ അനുശോചിച്ചു. മന്ത്രിമാരായ എം.വി.ഗോവിന്ദൻ, സജി ചെറിയാൻ മുൻ മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക്ക്, എ.എം.ആരിഫ് എം പി, സി.ബി ചന്ദ്രബാബു, സി എസ് സുജാത തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റും മദ്ധ്യകേരള വാണിജ്യ വ്യവസായത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയും കശുവണ്ടി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റുമായിരുന്നു അലിയാർ. അനാരോഗ്യത്തെ തുടർന്ന് ആലപ്പുഴ സഹകരണ സ്‌പിന്നിംഗ് മിൽ ചെയർമാൻ സ്ഥാനം അടുത്തിടെയാണ് ഒഴിഞ്ഞത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കരീലക്കുളങ്ങര മാടവനയിൽ കുടുംബാംഗമായ അലിയാർ സി.പി.എം കായംകുളം ഏരിയ സെക്രട്ടറിയായും പത്തിയൂർ ലോക്കൽ സെക്രട്ടറിയായും ദേശാഭിമാനി കായംകുളം ലേഖകനായും പ്രവർത്തിച്ചു ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഷെമി ( പുല്ലുകുളങ്ങര സഹകരണ ബാങ്ക്), ഷെറിൻ. മരുമക്കൾ: മുജീബ്, റിയാസ് (ഇരുവരും ഗൾഫ്).