കുട്ടനാട്: എ-സി റോഡിൽ മാമ്പുഴക്കരി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെ
സന്ധ്യ കഴിഞ്ഞാൽ പ്രദേശം ഇരുട്ടിൽ നിറയുന്നു. 2018-19 സാമ്പത്തിക വർഷം കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽപ്പെടുത്തി 2.97 ലക്ഷം മുടക്കി സ്ഥാപിച്ച ലൈറ്റ് ആറ് മാസം പിന്നിട്ടപ്പോൾ തന്നെ സാങ്കേതിക തകരാർ മൂലം അണഞ്ഞു. ആദ്യഘട്ടങ്ങളിലുണ്ടായ ചെറിയ പ്രശ്നങ്ങൾ നാട്ടുകാരും ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് ഒരു വിധം പരിഹരിച്ചെങ്കിലും തുടർ നടപടികൾ ഒന്നുമില്ല. സന്ധ്യയാകുന്നതോടെ പ്രദേശം വിജനമാകും. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്ത് വൈകിട്ട് തിരിച്ചെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രികർക്ക് റോഡ് മുറിച്ചു കടക്കുന്നതുപോലും ദുരിതമാണ്. ഇരുട്ടത്ത് അപകടങ്ങൾ പതിവ് സംഭവമായി മാറുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് ലൈറ്റ് തെളിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.