ആലപ്പുഴ: തുടർച്ചയായി ഉയരുന്ന ഡീസൽ വിലയിൽ വലയുകയാണ് ചരക്ക് ഗതാഗത മേഖല. ഡീസലിന് ലിറ്ററിന് 45 രൂപയായിരുന്നപ്പോഴുള്ള നിരക്കിലാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. സാധാരണഗതിയിൽ മൂന്ന് മുതൽ അഞ്ച് വർഷങ്ങൾ കൂടുമ്പോഴാണ് വാഹനങ്ങളുടെ കരാർ പുതുക്കുന്നത്. പലരും കരാർ പുതുക്കിയിട്ട് ഒന്നരവർഷത്തിലധികമായി. ഇതിനിടെ നിരവധിത്തവണയായി ഉയർന്ന ഡീസൽ വില ഇപ്പോൾ 90 പിന്നിട്ടിരിക്കുകയാണ്. കൊവിഡ് വട്ടം ചാടിയതോടെ ഓട്ടം ഗണ്യമായി കുറഞ്ഞു. കണ്ടെയ്നർ വാഹനങ്ങളുടെയും, ഗുഡ്സ് വാഗണിന്റെയും കടന്നുവരവോടെ വർഷങ്ങളായി ലോറി മേഖല പ്രതിസന്ധിയിലാണ്. ക്വാറികളിൽ നിയന്ത്രണം വന്നതോടെ ടിപ്പറുകൾക്കും പണിയില്ലാതായി. ഹൈവേകളിലും സംസ്ഥാന പാതയിലും നിരവധി ലോറികൾ കടന്നുപോകുന്നുണ്ടെങ്കിലും അവയിൽ ബഹുഭൂരിപക്ഷവും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതാണ്. ഓണം, വിഷു പോലെയുള്ള സീസണിൽ പോലും നാട്ടിലെ ലോറികൾക്ക് ഓട്ടം ലഭിക്കാറില്ല.
കടൽ മത്സ്യങ്ങൾ വിവിധ സംസ്കരണ കേന്ദ്രങ്ങളിലും, വില്പന ശാലകളിലും ഇറക്കുന്ന ഓട്ടമാണ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് ലോറികൾക്ക് കിട്ടുന്നത്. എഫ്.സി.ഐ ഗോഡൗണിലേക്കുള്ള അരിയും ഗോതമ്പും പയർ വർഗങ്ങളുടെയും കയറ്റിറക്കാണ് മറ്റൊരു പ്രധാന വരുമാനം. ഗുഡ്സ് വാഗണിൽ അയയ്ക്കുന്ന ചരക്ക്, വാഗണിൽ നിന്നു ഫുഡ് കോർപ്പറേഷന്റെ ഗോഡൗണിലേക്കും അവിടെ നിന്നു റേഷൻ കടകളിലേക്കും എത്തിക്കാനുള്ള ഓട്ടം മുടക്കമില്ലാതെ ലഭിക്കുന്നുണ്ട്. വരുമാനമില്ലായ്മയ്ക്കിടയിലും ഉയരുന്ന ഡീസൽ വിലയും, നികുതികളുമാണ് ലോറി മേഖലയെ തളർത്തുന്നത്. ചേർത്തലയിൽ മക്ഡവൽ പ്രവർത്തനം സജീവമായിരുന്ന കാലത്ത് പ്രതിദിനം 60 ലോഡുകളുടെ വരെ ഓട്ടം ലോറികൾക്ക് ലഭിക്കുമായിരുന്നു. ജില്ലയിൽ ഏറ്റവുമധികം ലോറി ഉടമകളുള്ളതും ചേർത്തലയിലാണ്. കമ്പനി പൂട്ടിയതോടെ ഓട്ടമില്ലാതായി. ശേഷിച്ചിരുന്ന ബിയർ പാർലർ യൂണിറ്റ് പാലക്കാട്ടേക്കു മാറ്റി. ഇതോടെ ലോറിത്തൊഴിലാളികളുടെ വരുമാനം പൂർണമായും നിലച്ചു. ഉത്സവ സീസണുകളിൽ ആനകളുമായുള്ള യാത്രയുമുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു.
ഇടനിലക്കാരുടെ ചൂഷണം
ചരക്ക് ഉടമകളിൽ നിന്ന് ഉയർന്ന വാടക വാങ്ങി ഇടനിലക്കാരുടെ തട്ടിപ്പും വ്യാപകമാണ്. വാഹനം വെറുതെ കിടക്കുന്നത് ഒഴിവാക്കാൻ പലപ്പോഴും ചെറിയ കൂലിക്ക് ഓടേണ്ടിവരും. ബാക്കി പണം ഇടനിലക്കാരുടെ പോക്കറ്റിൽ എത്തും.
ഇന്ധന വില വർദ്ധിപ്പിച്ചതോടെ മോട്ടോർ രംഗം ആകെ പ്രതിസന്ധിയിലാണ്. ഓട്ടമില്ലാതെ പലരും മേഖല വിടുകയാണ്. കൊവിഡ് ദുരിത കാലത്ത് സ്വകാര്യ ബസുകൾക്ക് നൽകിയ നികുതി ഇളവുകൾ ചരക്ക് വാഹനങ്ങൾക്ക് ലഭിച്ചില്ല.
ഒ.അഷറഫ്, ജില്ലാ സെക്രട്ടറി, ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് യൂണിയൻ