s

ആലപ്പുഴ: കുട്ടനാട്ടിലെ റാണി ചിത്തിര കായൽ പ്രദേശങ്ങളിലെ റവന്യൂഭൂമി തിട്ടപ്പെടുത്താൻ റീസർവേ ഓഫീസിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. റാണി ചിത്തിര കായൽ കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കൂടിയ യോഗത്തിലാണ് തീരുമാനം. ഒരുമാസത്തിനകം ഭുമി തിട്ടപ്പെടുത്തി പട്ടയഭൂമി എത്ര, പുറമ്പോക്ക് ഭൂമി എത്ര എന്ന റിപ്പോർട്ട് സമർപ്പിക്കണം. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതുതായി സ്ഥാപിക്കുന്ന 8 വെർട്ടിക്കൽ ആക്സിൽ ഫ്ലോ പമ്പുകളുടെ വൈദ്യുതിബന്ധം ജൂലായ് 10നകം പൂർത്തീകരിക്കണം. പുതുതായി സ്ഥാപിക്കുന്ന പമ്പുകൾ സൂക്ഷിക്കുന്നതിന് ആർ കെ വി വൈയിൽപ്പെടുത്തി ഷെഡ് നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കാൻ കൃഷിവകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി.

പമ്പുകളുടെ വൈദ്യുതി കണക്ഷനുള്ള സർവീസ് കേബിളുകൾ വാങ്ങുന്നതിനുള്ള തുക പാടശേഖരങ്ങളുടെ ഫണ്ടിൽനിന്ന് നൽകും. ലാഭവിഹിതം കിട്ടുമ്പോൾ ഇത് തിരിച്ചു നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 90-91 കാലത്ത് ലോൺ എടുക്കുന്നതിന് കർഷകർ ബാങ്കുകളിൽ പണയം നൽകിയ രേഖകൾ എത്രയും പെട്ടെന്ന് തിരികെ നൽകുന്നതിനുള്ള നടപടികൾ എടുക്കാൻ ലീഡ് ബാങ്ക് മാനേജർക്ക് നിർദ്ദേശം നൽകി. റാണി ചിത്തിര പുറംബണ്ട് ശക്തിപ്പെടുത്തുന്നതിന് കെ എൽ ഡി സി വഴി 43.03 കോടിയുടെ പ്രൊപ്പോസൽ തയ്യാറാക്കി വരുകയാണ്. 2020-21 കാലയളവിലെ നെല്ലുവില പാടശേഖര സമിതിക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ചിത്തിര കായലിലെ വിതരണം പൂർത്തിയാക്കി. റാണി കായലിലെ കൃഷിക്കാർക്ക് ഉടനെ തന്നെ നെല്ലുവില നൽകാനും യോഗം തീരുമാനിച്ചു.