കുട്ടനാട്: അങ്കണവാടി ടീച്ചറെ പൊതുസ്ഥലത്ത് അപമാനിച്ച സി.പി.എം പ്രാദേശിക നേതാവിനെതിരെ നൽകിയ പരാതിയിൽ നടപടിയെടുക്കാത്ത കാവാലം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പ്തല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി രംഗത്തെത്തി. സംഭവം നടന്നിട്ട് അഞ്ചുമാസം പിന്നിട്ടിട്ടും ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പഞ്ചായത്ത് സെക്രട്ടറി ആരോപണവിധേയനായ നേതാവിനെ കേസിൽ നിന്നു രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.രാജീവ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ 11ഓടെ പഞ്ചായത്ത് പടിക്കൽ നടന്ന സമരത്തിൽ ഡി.സി.സി അംഗം വിജയകുമാർ പൂമംഗലം, ബ്ലോക്ക് സെക്രട്ടറി പി.ഡി രഘുവരൻ തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചദ. യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജു ആന്റണി സ്വാഗതം പറഞ്ഞു.