ആലപ്പുഴ: അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ തീരവും സംരക്ഷിക്കാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നൽകുന്ന ഫൈബർ റീ- ഇൻഫോഴ്‌സ്‌ഡ് വള്ളത്തിന്റേയും വലയുടെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 590 കി.മി. തീരദേശ മേഖലയിൽ 310കി.മി. സ്ഥലത്ത് മാത്രമാണ് നിലവിൽ കടൽ ഭിത്തിയുള്ളത്. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ ഉടൻ നിർമിക്കും. കടൽ ഭിത്തിക്ക് ബലക്ഷയം ഉള്ള സ്ഥലങ്ങളിൽ ബലപ്പെടുത്തും.
തീരദേശവാസികളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വലയുടെ വിതരണോദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഉപഡയറക്ടർ എസ്.ഐ.രാജീവ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ അഡ്വ.ടി.എസ്.താഹ, വത്സല , മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി , ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.എസ്.ഷാജി, വി.ഉത്തമൻ, ജി.ആതിര, അഡ്വ. ബിപിൻ സി.ബാബു, കെ.ജി.സന്തോഷ്, പി.അഞ്ചു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ പങ്കെടുത്തു.