പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ ടി.പി.ആർ നിരക്ക് പതിനെട്ട് ശതമാനത്തിൽ മുകളിലായതോടെ, കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിലെ വ്യാപാരികൾ, വ്യവസായികൾ, ചെമ്മീൻ സംസ്കരണ കമ്പനി ഉടമകൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡൻറ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. കണ്ടെയ്ൻ്റ്മെൻ്റ് സോണിലുള്ള മുഴുവൻ പേരേയും ആൻറിജൻ ടെസ്റ്റിന് വിധേയമാക്കും.ചെമ്മീൻ സംസ്കരണ ശാലകൾ പൂർണ്ണമായി അടച്ചിടും. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ആരോഗ്യ പ്രവർത്തകരുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കും. മറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രം പ്രവർത്തനാനുമതി ഉണ്ടാകും. യോഗത്തിൽ പാണാവളളി പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സന്തോഷ് അദ്ധ്യക്ഷയായി. വ്യാപരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റ് പ്രസിഡൻ്റ് ടി.ഡി.പ്രകാശൻ, സെക്രട്ടറി അബ്ദുൽ ഗഫൂർ, വ്യാപാരി സമിതി ഏരിയാ സെക്രട്ടറി ഷിബു തുടങ്ങിയവർ പങ്കെടുത്തു.