ചാരുംമൂട്: താമരക്കുളം വേടരപ്ലാവ് സായിഭവനത്തിൽ കെ.മുരളീധരൻ നായരുടെ വേർപാടിലൂടെ നാടിന് നഷ്ടമായത് മികച്ച അധ്യാപകനെയും സാമൂഹ്യ പ്രവർത്തകനെയും. താമരക്കുളം വി.വി.എച്ച്.എസ്.എസിന്റെ പ്രഥമാദ്ധ്യാപകനായി ഇരുപത് വർഷത്തോളമാണ് ഇദ്ദേഹംപ്രവർത്തിച്ചത്. ഈ കാലഘട്ടം സ്കൂളിന്റെ സുവർണ്ണകാലഘട്ടമായാണ് അറിയപ്പെട്ടിരുന്നത്. സ്കൂൾ മാനേജർ പരേതനായ പാലയ്ക്കൽ കെ.ശങ്കരൻ നായരുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ പഠന - പഠനേതര പ്രവർത്തനങ്ങളിൽ സ്കൂളിനെ സംസ്ഥാന തലത്തിൽ തന്നെ അദ്ധേയമാക്കാൻ മുരളീധരൻ നായർക്ക് കഴിഞ്ഞിരുന്നു. സ്കൂളിൽ പ്ലസ് ടു പഠനത്തിന് അനുമതി ലഭിച്ചതോടെ രണ്ടു വർഷത്തോളം പ്രിൻസിപ്പലായും പ്രവർത്തിച്ചിരുന്നു. അദ്ധ്യാപക ജീവിതത്തിലെ മികവുറ്റ പ്രവർത്തനങ്ങൾ മുൻനിർത്തി ദേശീയ അധ്യാപക അവാർഡിനും അർഹനായി.1992 ൽ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ.ശങ്കർ ദയാൽ ശർമ്മയിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. അദ്ധ്യാപകവൃത്തിയിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തുമ്പോഴും നാടിന്റെ പൊതുകാര്യങ്ങളിലും മുരളി സാറിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെ നൂറനാട് ബ്ലോക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാംഗമായി ദീർഘകാലം പ്രവർത്തിച്ചു. ചാരുംമൂട് കേന്ദ്രമായി മൈത്രി ഫൈൻ ആർട്ട്സ് ക്ലബ്ബ് രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും സ്ഥാപക പ്രസിഡൻറായി പ്രവർത്തിക്കുകയും ചെയ്തു.വീടിന് സമീപത്തായുള്ള വേടര പ്ലാവ് കടമ്പാട്ട് ദേവീക്ഷേത്രത്തിലെ ഉപദേശക സമിതി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.