ആലപ്പുഴ: രോഗമുക്തരായാലും കൊവി​ഡ് ബാധി​തരെ പി​ന്തുടരുന്ന ആരോഗ്യപ്രശ്നങ്ങൾ നി​രവധി​യാണ്. അവയി​ൽ പുതി​യതാണ് മോണരോഗങ്ങൾ അഥവാ മാസ്ക് മൗത്ത്. കൗൺസിൽ ഓഫ് ഡെൻറൽ ഹെൽത്ത് നടത്തിയ ഓൺലൈൻ പോൾ സർവേയിലാണ് കൊവിഡ് ഭേദമായ 22 മുതൽ 34 ശതമാനം പേർക്ക് മോണരോഗങ്ങൾ വർദ്ധി​ച്ചതായാണ് കണ്ടെത്തൽ.

ശരിയായ ദന്തസംരംക്ഷണമില്ലാത്തവരാണ് രോഗബാധിതരിലേറെയും. നിയന്ത്രണ വിധേയമല്ലാത്ത മോണരോഗം, വായ്പുണ്ണ്, വായിൽ വെള്ളപ്പൂപ്പൽ, മ്യൂകോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്, പുളിപ്പ്, വരുണ്ടുണങ്ങിയ വായ, കൊവിഡ് ടങ്ങ് (നാവിൽ തൊലിപോകൽ) തുടങ്ങിയവയാണ് കൊവിഡിന്റെ അനന്തരഫലമായി കണ്ടുവരുന്നത്.

മാക്ഗിൽ സർവകലാശാല നടത്തിയ പഠനത്തിലും ഇത്തരത്തിൽ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ഭേദമായ 574 പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. ഇതുസംബന്ധിച്ച് 'ജേർണൽ ഒഫ് ക്ലിനിക്കൽ പെരിഡോന്റോളജി'യിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം രണ്ട് മാസം വരെയും പലരിലും വായിലെ നീർവീക്കം തുടരുന്നുണ്ട്. ചിലരിൽ കീഴ്ത്താടിയുടെ ഭാഗത്ത് ഉമിനീർ ഗ്രന്ഥിയുടെ നാളി അടയുന്നതായും പുതിയ കണ്ടെത്തലുണ്ട്. ഉമിനീർ ഉത്പാദനം കുറയുന്നത് ദന്തക്ഷയത്തിന് കാരണമാകും.


'മാസ്‌ക് മൗത്ത്'

മുൻപ് ഉണ്ടായിരുന്നെങ്കിലും കൊവിഡിന്റെ ആവിർഭാവത്തോടെ വർദ്ധിച്ച മോണരോഗങ്ങളാണ് 'മാസ്ക് മൗത്ത് 'എന്ന പേരിൽ അറിയപ്പെടുന്നത്. ദന്തക്ഷയം, പൂപ്പൽ ബാധ, മോണവീക്കം, വായ്‌നാറ്റം എന്നിവ ഇതി​ന്റെ ഫലമായുണ്ടാകുന്നു. ദീർഘനേരം മാസ്‌ക് വയ്ക്കുമ്പോൾ പലരും വെള്ളം കുടിക്കാത്തതും രോഗത്തിന് കാരണമാണ്. മാസ്‌ക് അധികനേരം ഉപയോഗിക്കുമ്പോൾ വായ വരണ്ടുണങ്ങും. ഉമിനീരിന്റെ പ്രവാഹം കുറയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന വൃത്തിയാക്കൽ പ്രക്രിയയ്ക്ക് തടസമുണ്ടാകും. ഇത് ദന്തക്ഷയത്തിന് കാരണമാകും.
വായിലൂടെ ശ്വാസമെടുക്കുന്നതും നിർജലീകരണവും വഴി നാക്കിൽ പൂപ്പലുണ്ടാകും.

ദന്തശുചിത്വം പ്രധാനം

ശരിയായ ബ്രഷിംഗ് രീതി പ്രധാനമാണ്. നാവിന്റെ പുറകുവശം വരെ നന്നായി വൃത്തിയാക്കണം. പല്ലിന്റെ ഇടയിലെ അഴുക്ക് ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യണം. ബ്രഷിന്റെ പ്രതലമോ ടംഗ് ക്ലീനറോ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത് ശീലമാക്കുക. മധുരത്തിന്റെയും ആൽക്കഹോളിന്റെയും അംശം അടങ്ങാത്ത മൗത്ത് വാഷുകൾ ഉപയോഗിക്കാം. മധുരമുള്ളവ ദന്തക്ഷയത്തിനും വായിലെ വരൾച്ചയ്ക്കും കാരണമാവും. ദിവസവും കുറഞ്ഞത് എട്ടു മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കുക.

വേണം വായ്ശുചീകരണ കിറ്റ്

വീട്ടിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിക്കുകയോ സമ്പർക്ക നിയന്ത്രണത്തിൽ ആവുകയോ ചെയ്താൽ അവർക്കായി പ്രത്യേകം വായ്ശുചീകരണ കിറ്റ് തയ്യാറാക്കണം. ഈ കിറ്റിൽ ഒരു സോഫ്റ്റ് ടൂത്ത് ബ്രഷ്, ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റ്, പല്ലിടശുചീകരണ ഉപാധികളായ ദന്തൽ ഫ്‌ളോസ്, പല്ലിട ശുചീകരണ ബ്രഷ്, മൗത്ത് വാഷ് എന്നിവ ഉൾപ്പെടുത്താം.

...........................
ദന്ത ശുചിത്വം പാലിക്കുന്നതിലൂടെ മാസ്‌ക് മൗത്തിലെ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും. കൊവിഡാനന്തര ദന്തരോഗങ്ങളും അവയുടെ തീവ്രതയും സംബന്ധിച്ചുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. മുൻപ് മോണ, ദന്ത രോഗങ്ങൾ ഉണ്ടായിരുന്ന പലർക്കും കൊവിഡിന് ശേഷം ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നുണ്ട്.

ഡോ.ജി.ആർ. മണികണ്ഠൻ (കൺവീനർ, കൗൺസിൽ ഓൺ ഡെന്റൽ ഹെൽത്ത്, ഇന്ത്യൻ ദന്തൽ അസോസിയേഷൻ)