ambala

അമ്പലപ്പുഴ: സഞ്ജയയ്ക്കു വേണ്ടി നാട് കൈകോർത്തപ്പോൾ.മൂന്ന് മണിക്കൂർ കൊണ്ട് സമാഹരിച്ചത് ഏഴ് ലക്ഷത്തിൽപ്പരം രൂപ. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കളിത്തട്ടിന് കിഴക്ക് കൂട്ടുങ്കൽ ശിവദാസ് - സജിത ദമ്പതികളുടെ മകൻ സഞ്ജയി(14) ക്കു വേണ്ടിയാണ് 6, 7, 8 വാർഡുകളിലായി ജീവൻ രക്ഷാസമിതി ധനസമാഹരണം നടത്തിയത്.രാവിലെ 8 ന് എച്ച് .സലാം എം .എൽ .എ ധനസമാഹരണം ഉദ്ഘാടനം ചെയ്തു. കാൻസർ ബാധിച്ച സഞ്ജയയുടെ ഇടത് കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റിയിരുന്നു. കുട്ടിയുടെ തുടർ ചികിത്സക്കാവശ്യമായ ലക്ഷങ്ങൾ കണ്ടെത്താൻ നിർമാണ തൊഴിലാളിയായ ശിവദാസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് പി .ജി. സൈറസ് രക്ഷാധികാരിയായും പഞ്ചായത്തംഗം ശശികുമാർ ചേക്കാത്ര ചെയർമാനും സി.പി. എം ഏരിയ കമ്മിറ്റിയംഗം ആർ .രജിമോൻ കൺവീനറുമായി ജീവൻ രക്ഷാസമിതി രൂപീകരിച്ചു. മൂന്ന് വാർഡുകളിലായി 1,600 ഓളം വീടുകളിലായാണ് ധനസമാഹരണം നടത്തിയത്. അഞ്ചു ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സുമനസുകൾ ഒന്നി​ച്ചതോടെ 7, 28, 349 ലക്ഷം രൂപ സമാഹരിക്കാനായി. പുന്നപ്ര കളരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എച്ച് .സലാം എം .എൽ. എ സഹപാഠികൂടിയായ ശിവദാസിന് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം ഷീജ, സതി രമേശ്, പഞ്ചായത്തംഗങ്ങളായ സുലഭ ഷാജി, ബിജു, റംലാ ഷിഹാബുദീൻ, ശശികുമാർ ചേക്കാത്ര, ഗീതാ ബാബു, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജഗദീശൻ, കെ എം ജുനൈദ്, രമണൻ ഈരേപ്പറമ്പ്, ഹസൻ എം പൈങ്ങാമഠം, നസീർ സലാം എന്നിവർ പങ്കെടുത്തു.