ആലപ്പുഴ: പ്രതിസന്ധികളിൽ വീർപ്പുമുട്ടുന്ന കൊവിഡ് കാലത്തും സിമന്റ് വില നിയന്ത്രണാതീതമായി ഉയരുന്നത് നിർമ്മാണ മേഖലയിൽ വെല്ലുവിളിയാവുന്നു. കുത്തക കമ്പനികൾ തന്നിഷ്ടം വില ഉയർത്തുമ്പോൾ തടയിടാൻ യാതൊരു നടപടിയും സർക്കാർ തലത്തിലുണ്ടാവുന്നില്ല.
കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ബില്ലിംഗ് സിസ്റ്റത്തിൽ വ്യാപകമായ വർദ്ധനവ് കമ്പനികൾ വരുത്തിയതെന്ന് ഡീലർമാർ പറയുന്നു. ലോക്ക് ഡൗൺ കാലത്ത് മാത്രം 100 രൂപയാണ് ഒരു ചാക്ക് സിമന്റിൽ വർദ്ധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ 360 രൂപയ്ക്ക് വിൽക്കുന്ന സിമന്റ് കേരളത്തിലെത്തുമ്പോൾ വില 475 ആകുന്നു. ഇതോടെ ലൈഫ് പദ്ധതി അടക്കം സംസ്ഥാനത്തെ നിർമ്മാണ മേഖല കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. നിശ്ചയിച്ച ബഡ്ജറ്റിൽ നിർമ്മാണ് പൂർത്തീകരിക്കാനാവാതെ കരാറുകാരും വെട്ടിലാകുന്നു. പൊതുവേ ഡിമാൻഡ് കുറവുള്ള കൊവിഡ് കാലത്തെങ്കിലും വില കുറയ്ക്കാൻ സ്വകാര്യ കമ്പനികൾ തയ്യാറാകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ അതത് സർക്കാരുകളും, സിമന്റ് മാനുഫാക്ടറേഴ്സ് അസോസിയേഷനും കൂടിയാലോചന നടത്തി വില നിശ്ചയിക്കുമ്പോൾ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണെന്ന ആക്ഷേപം ശക്തമാണ്.
ഡീലാവാതെ ഡീലർമാർ
കമ്പനിയിൽ നിന്ന് കൂടിയ വിലയ്ക്ക് സിമന്റ് വാങ്ങി കുറഞ്ഞ് വിലയ്ക്ക് വിൽക്കേണ്ടി വരുന്ന വിരോധാഭാസമാണ് തങ്ങൾ നേരിടുന്നതെന്ന് സംസ്ഥാനത്തെ ചെറുകിട ഡീലർമാർ പരാതിപ്പെടുന്നു. ഭാവിയിൽ അക്കൗണ്ടിൽ എത്തുമെന്ന് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന പ്രൈസ് ഡിഫറസിന്റെ (പി.ഡി) പേരിലാണ് കൂടിയ വിലയ്ക്ക് ഡീലർമാർ സ്റ്റോക്കെടുക്കുന്നത്. 2019 ന്റെ അവസാനം 330 രൂപ ഹോൾസെയിൽ വിലയിലെത്തിയ സിമന്റ് കമ്പനികൾ ഡീലർമാർക്ക് നൽകിയത് 405 രൂപ ഈടാക്കിയാണ്. അനധികൃതമായി കൈക്കലാക്കുന്ന ഈ തുക പലപ്പോഴും ഇഷ്ടക്കാരായ ഡീലർമാരുടെ അക്കൗണ്ടിൽ മാത്രമാണ് കൃത്യസമയത്ത് തിരികെയെത്തുന്നതെന്നും പലരും പരാതിപ്പെടുന്നു.
പരാതികൾ
കമ്പനി പറയുന്ന തുക അഡ്വാൻസ് ഡിഡി ആയി നൽകുന്നു
ബിൽ തുകയെക്കാൾ കുറഞ്ഞ വിലയിൽ വിൽക്കാൻ നിർദേശിക്കുന്നു
പ്രൈസ് ഡിഫറൻസ് തുക തിരികെ കിട്ടാൻ കാലതാമസം
കമ്പനികൾ പറയുന്ന ഡിസ്കൗണ്ടുകൾ കൃത്യ സമയത്ത് ലഭിക്കുന്നില്ല
......................
വേണം മാറ്റം
വിൽക്കുന്ന വിലയ്ക്ക് തന്നെ എം.ആർ.പി ബിൽ ചെയ്യണം
ഡിമാൻഡില്ലാത്തപ്പോൾ വില കുറയ്ക്കണം
ടാക്സ് അടയ്ക്കാതെ നടന്ന കച്ചവടങ്ങൾ സർക്കാർ അന്വേഷിക്കണം
വില നിശ്ചയിക്കാൻ സർക്കാർ പ്രതിനിധി ഉൾപ്പെടുന്ന മോണിറ്ററിംഗ് അതോറിട്ടി വേണം
.................
സിമന്റ് വില എന്ന പേരിൽ മുൻകൂറായി അടയ്ക്കുന്ന തുകയുടെ ഒരു ഭാഗമാണ് പ്രൈസ് ഡിഫറൻസ് എന്ന പേരിൽ നാളുകൾക്ക് ശേഷം ലഭിക്കുന്നത്. ഇത് ഡീലർമാർക്ക് യഥാർത്ഥത്തിൽ നഷ്ടമാണ്.
ഒ.സി. വക്കച്ചൻ, സംസ്ഥാന സെക്രട്ടറി, കേരള സിമന്റ് ട്രേഡേഴ്സ് സമിതി