ഹരിപ്പാട്: സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകാരികൾ എടുത്തിട്ടുള്ള വായ്പകൾക്ക് സംസ്ഥാന സർക്കാർ പലിശ സബ് സിഡി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുനു അദ്ദേഹം. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വൺ ടൈം സെറ്റിൽമെന്റ് വഴി സംഘങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ നൽകണം. കർഷകർക്ക് പലിശരഹിത വായ്പകൾ നൽകി കാർഷിക മേഖലയിൽ ആവശ്യമായ പണം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കണം. കാർഷിക മേഖലയിൽ ഇതുവഴി ഉത്പാദനം വർദ്ധിക്കുകയും വിപണന മേഖല സജീവമാകുകയും ചെയ്യും.
ഓൺലൈൻ വഴി നടത്തപ്പെട്ട വെബിനാറിൽ ആയിരത്തോളം സഹകരണ ജീവനക്കാരും നിരവധി സഹകാരികളും പങ്കെടുത്തു. തിരുവനന്തപുരം ഐ.സി. എം.ആർ. സീനിയർ ഫാക്കൽറ്റി ഡോ.സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഇ.ഡി. സാബു , എൻ. സുബാഷ് കുമാർ, കെ.രാധ, എന്നിവർ വെബിനാറിന്റെ കോ ഓഡിനേറ്റർമാരായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പിള്ളി സ്വാഗതവും ട്രഷറാർ പി.കെ. വിനയകുമാർ നന്ദിയും പറഞ്ഞു.