ആലപ്പുഴ: മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥിയുടെ വീടെന്ന സ്വപ്നം രമേശ് ചെന്നിത്തല എം.എൽ.എ യാഥാർത്ഥ്യമാക്കി. ആലപ്പുഴ തുമ്പോളിയിൽ താമസിക്കുന്ന, ലിയോ തേർട്ടീന്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മഹേഷിനാണ് സുരക്ഷിത ഭവനത്തിൽ ഇടമൊരുങ്ങിയത്. ഇന്നലെ താക്കോൽ കിട്ടിയപ്പോൾ മഹേഷിന്റെ കണ്ണു നിറഞ്ഞു.
സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ട് വെള്ളിയും ദേശീയ സ്‌കൂൾ കായികമേളയിൽ ഒരു വെള്ളിമെഡലും ലഭിച്ച മഹേഷിന് വീട് നിർമ്മിച്ച് നൽകാമെന്ന് മുൻമന്ത്രി തോമസ് ഐസക്ക് ഉറപ്പ് നൽകിയിരുന്നു. പക്ഷേ വീട് കിട്ടിയില്ല. ലോട്ടറി വിറ്റും മറ്റ് ജോലികൾ ചെയ്തും ജീവിതം മുന്നോട്ട് നീക്കുന്ന മഹേഷിന്റെ കഥയറിഞ്ഞ് വീട് നിർമ്മിച്ചു നൽകാൻ രമേശ് ചെന്നിത്തല രംഗത്തെത്തുകയായിരുന്നു. മൂന്ന് സെന്റ് സ്ഥലം നഗരസഭ മുൻ ചെയർമാനും ഡി.സി.സി വൈസ് പ്രസിഡന്റുമായ തോമസ് ജോസഫ് സൗജന്യമായി നൽകുകയായിരുന്നു. രണ്ടു മാസം മുമ്പു തന്നെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ലോക്ക് ഡൗൺ മൂലമാണ് താക്കോൽദാനം വൈകിയത്. ഇന്നലെ നടന്ന ചടങ്ങിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം അഡ്വ. എം.ലിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറിമാരായ ബി.ബൈജു, മോളി ജേക്കബ്, ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, ജനറൽ സെക്രട്ടറി അഡ്വ. ജി.മനോജ്കുമാർ, സിറിയക് ജേക്കബ്, പി.പി.രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.