ആലപ്പുഴ: ദേശീയപാതയിൽ കലവൂരിന് സമീപം മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് മൂന്നാം ദിവസവും സ്പിരിറ്റ് മാറ്റാനായിട്ടില്ല. ലോറിയുടെ സാങ്കേതിക തകരാറാണ് പ്രതിസന്ധി. ലോറി ഇന്നലെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. സംഭവം അപകടമാണെന്നും അട്ടിമറി സാദ്ധ്യതയില്ലെന്നും മോട്ടോർ വാഹനവകുപ്പ് പൊലീസിന് റിപ്പോർട്ട് നൽകി.
അതേസമയം, തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം ഇന്നലെ എക്‌സൈസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞു. ടാങ്കർ ലോറി തിരുവല്ലയിലെ ഡിസ്റ്റിലറിയിൽ എത്തിച്ച് സ്പിരിറ്റിന്റെ അളവും ഗുണനിലവാരവും പരിശോധിക്കാനാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ ലോറിക്ക് യന്ത്രത്തകരാറുകളോ മറ്റ് പ്രശ്‌നങ്ങളോ കണ്ടെത്തിയിട്ടില്ല.
അപകടത്തെ തുടർന്ന് ബ്രേക്കിന് തകരാർ സംഭവിച്ചിട്ടുണ്ട്. ബ്രേക്ക് ജാമായതായും ബ്രേക്ക് ഓയിൽ നഷ്ടപ്പെട്ടതായും ബോദ്ധ്യമായി. ഇത് പരിഹരിച്ചാൽ ഇതേ വാഹനത്തിൽ സ്പിരിറ്റ് കൊണ്ടുപോകാനാവും. അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ലോറി ഡ്രൈവർ ഉത്തർപ്രദേശ് മുസാഫിർ സ്വദേശി ദേവന്ദ്രസിംഗിനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ വൈകിട്ട് ലോറിയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തകരാറുകൾ പരിഹരിച്ച് ഇന്ന് രാവിലെ തിരുവല്ലയിലേക്ക് കൊണ്ടുപോയേക്കും.