ആലപ്പുഴ : സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സോളാർ പാനലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ സ്വരലൈബ്രറിയുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ജില്ലയിലെ മികച്ച പി.ടി.എ അവാർഡ് നേടിയ കലവൂർ സ്‌കൂളിനെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു. എൺപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാർ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവൻ, എം.എസ്.സന്തോഷ്, വി.വി.മോഹൻദാസ്, സ്‌കൂൾ പ്രിൻസിപ്പാൾ എച്ച്.ആർ.റീന, പി. സി. ആശാകുമാരി എന്നിവർ പങ്കെടുത്തു.