ആലപ്പുഴ: ജില്ലയിൽ പഠനാവശ്യത്തിന് ഡിജിറ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന കുട്ടികൾക്ക് വേണ്ടി സമാന്തര സൗകര്യങ്ങൾ ഒരുക്കിയുള്ള പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. സമഗ്ര ശിക്ഷ കേരളയുടെ നിയന്ത്രണത്തിലുള്ള 30 പ്രതിഭ കേന്ദ്രങ്ങളിലും, ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 100 വായനശാലകളിലും, പ്രതിഭാതീരം പദ്ധതിയുടെ ഭാഗമായിയുള്ള 9 കേന്ദ്രങ്ങളിലും ഓൺലൈൻ ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് കഴിയത്തക്ക തരത്തിൽ ഡിജിറ്റൽ ഡിവൈസ് സജ്ജമാക്കി.
ജില്ലയിൽ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കുന്നത് അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എല്ലാ കുട്ടികളും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകൾ അറ്റൻഡ്ചെയ്യുന്നതായി പ്രഥമാദ്ധ്യാപകരും, പ്രിൻസിപ്പൽമാരും അറിയിച്ചു. സ്കൂൾതല ജനകീയ സമിതി, ജനപ്രതിനിധികൾ, അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ മൊബൈൽ ചലഞ്ചിലൂടെ 6500 ലധികം മൊബൈൽ കുട്ടികൾക്ക് സമാഹരിച്ച് നൽകി. ഇപ്പോഴും മൊബൈൽ ചലഞ്ച് നടന്നുകൊണ്ടിരിക്കുകയാണ്. അദ്ധ്യാപകരിൽ ചിലരെ കൊവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചതിനാൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ നൽകുന്നതിന് വിഷമതകൾ അനുഭവിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതി ലഭിച്ചിട്ടുണ്ട്.
6500 : ജില്ലയിൽ മൊബൈൽ ചലഞ്ചുലൂടെ സമാഹരിച്ച സ്മാർട്ട് ഫോണുകൾ
അതത് ദിവസത്തെ ക്ലാസുകൾ അദ്ധ്യാപകർ കൃത്യസമയത്ത് കണ്ടെങ്കിൽ മാത്രമേ അവർക്ക് ആ ക്ലാസുകളുമായി ബന്ധപ്പെട്ട് കൂടുതൽ ഇടപ്പെടാൻ കഴിയുകയുള്ളൂ. മുഴുവൻ അദ്ധ്യാപകരെയും മറ്റു ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടും, ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
- എ.കെ.പ്രസന്നൻ, ജില്ലാ കോ-ഓർഡിനേറ്റർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആലപ്പുഴ