അമ്പലപ്പുഴ: കൊവിഡ് ബാധിതർക്ക് സഹായം ഒരുക്കാൻ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ക്രാപ്പ് ചലഞ്ച് സംഘടിപ്പിച്ചു.വാർഡിലെ കൊവിഡ് പോസിറ്റീവ് ആയ രോഗികൾക്കും നിർദ്ധനർക്കും ഭക്ഷണം, മരുന്ന്, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ വീട്ടിലെത്തിച്ചു നൽകുന്നതിന്റെ ധനശേഖരണാർത്ഥവും, വാർഡ് പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുമായാണ് സ്ക്രാപ് ചലഞ്ച് സംഘടിപ്പിച്ചതെന്ന് വാർഡംഗം രജിത് രാമചന്ദ്രൻ പറഞ്ഞു. വാർഡിലെ 440 വീടുകളിൽ നിന്നായി 2300 കിലോ സ്ക്രാപ്പ് ശേഖരിക്കാനായി. ഇതിന്റെ വിലയായി 32871 രൂപ ലഭിച്ചു.വാർഡ് സന്നദ്ധ സേനയുടെ സഹകരണത്തോടെയായിരുന്നു സ്ക്രാപ്പ് ചലഞ്ച്. കഴിഞ്ഞ 50 ദിവസമായി ഉദാരമതികളുടെ സഹായത്തോടെ വാർഡിൽ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ നല്കി വരുന്നുണ്ട്.