കായംകുളം: ശക്തമായ മഴയിൽ കായംകുളം സർക്കാർ ഹോമിയോ ആശുപത്രിക്ക് പറ്റിയതെന്തെന്നറിയാമോ? ആശുപത്രി അങ്ങ് അടച്ചുപൂട്ടി. ഇപ്പോൾ ആഴ്ച്ചകളായിട്ടും ആരം തിരിഞ്ഞുനോക്കുന്നുമില്ല.
ആശുപത്രിയിൽ വെള്ളം കയറിയതാണ് ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണം.
ദിവസങ്ങളോളം എടുത്താണ് ജീവനക്കാർ വെള്ളം കോരികളഞ്ഞത്. ഇതോടെ ചെളിയും വെള്ളവും മൂലം രോഗികൾക്കോ ജീവനക്കാർക്കോ ഇങ്ങോട്ടേക്കു എത്തുവാൻ കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് ഹോമിയോ ആശുപത്രി പ്രവർത്തനം നിർത്തിയത്.
സമീപമുള്ള ഗവ വനിതാ പോളീടെക്നിക്ക് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പേരിന് മാത്രമാണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം.
ജീർണിച്ച് ചോർന്നൊലിക്കുന്ന അവസ്ഥ
ആശുപത്രിയുടെ അതിർത്തിയിലുള്ള ഭിത്തി തകർന്നതും സമീപത്തെ തോട്ടിൽ ജലനിരപ്പ് ഉയരുന്നതുമാണ് വെള്ളം കയറുവാൻ കാരണം. മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ സ്മാരകമായി വയലാർ രവി കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ നിർമിച്ചതാണ് ഹോമിയോ ആശുപതി. ജീർണിച്ചു കെട്ടിടം ചോർന്നൊലിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കൊവിഡ് മഹാമാരിക്കാലത്ത് ആശുപതിയുടെ പ്രവർത്തനം നിലച്ചത് രോഗികളെ ഏറെ വലയ്ക്കുന്നുണ്ട്. നിലവിൽ ഒ പി സമീപത്തെ വനിതാ പൊളി ടെക്നിക്കിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ പരീക്ഷ നടക്കുന്നതിനാൽ അതും നിലച്ചമട്ടാണ്.
ആശുപത്രി അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തും. അതിനുള്ള നടപടികൾ ഉൗർജിതമായി സ്വീകരിക്കും. കൊവിഡ് കാലത്ത് ആളുകൾക്ക് ഇപ്പോഴത്തെ അവസ്ഥ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പി. ശശികല
നഗരസഭാ ചെയർപേഴ്സൺ കായംകുളം
............................
ജനപ്രതിനിധികൾ അടിയന്തിരമായി ഇടപെട്ട് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ നടപടി ഉണ്ടാകണം. ആശുപത്രി അടിന്തരമായി തുറക്കണം.
എ. പി ഷാജഹാൻ
വാർഡ് കൗൺസിലർ