പരിശോധനകൾ തുടരുന്നു

ആലപ്പുഴ: വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നഗരത്തിൽ പരിശോധനകൾ ഊർജിതമാക്കി. ഇന്നലെ നഗരസഭാ ആരോഗ്യവിഭാഗം വിവിധ ആർ.ഒ പ്ലാന്റുകളിലെത്തി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ജനറൽ ആശുപത്രിയിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു വീട്ടിൽ നിന്ന് ശേഖരിച്ച വാട്ട‌ർ അതോറിറ്റിയുടെ ജല സാമ്പിളിലും കോളിഫോമിന്റെ അംശം കണ്ടെത്തി. നഗരപ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങളും ആരോഗ്യ വിഭാഗം ഊ‌ർജിതമാക്കി. കഴിഞ്ഞ ദിവസം വന്ന പരിശോധനാ റിപ്പോ‌ർട്ടിൽ മാംസങ്ങളിലും കോളിഫോം, ഇ- കോളി ബാക്ടീരിയകൾ സ്ഥിരീകരിച്ചിരുന്നു. മാംസം നന്നായി പാകം ചെയ്താൽ അപകടഭീഷണി ഒഴിവാക്കാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുമ്പോഴും, സാധാരണക്കാരിൽ ഭയം തുടരുന്നത് കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ.

ശ്രദ്ധ വേണം

കുടിവെള്ളം അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ച് ഉപയോഗിക്കുക

പാചകം ചെയ്ത ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവ ചൂടോടെ തന്നെ ഉപയോഗിക്കുക

റഫ്രിജറേറ്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാകണോ എന്ന് പരിശോധിക്കുക

നാല് ഡിഗ്രി സെൽഷ്യസിന് മുകളിൽ ബാക്ടീരിയ പെരുകും

ഭക്ഷണത്തിന് മുമ്പ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക

നഗരസഭാ പ്രദേശത്ത് അനൗൺസ്മെന്റ് അടക്കം ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ആർ.ഒ പ്ലാന്റിലെ സാമ്പിളുകൾ വീണ്ടും ശേഖരിച്ചിട്ടുണ്ട്.

- നഗരസഭാ ആരോഗ്യ വിഭാഗം

.............................................................................................................................................

വയറിളക്കവും ഛർദ്ദിയും :

നഗരത്തിൽ ഇന്നലെ

47 പേർ ചികിത്സ തേടി

ആലപ്പുഴ: തുടർച്ചയായ ഒൻപതാം ദിവസവും നഗരത്തിലെ വിവിധയിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ള 47പേർക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. ഇവർ വനിതാ, ശിശു ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി. ക്കറിയ ബസാർ, വലിയകുളം, വട്ടപ്പള്ളി, ആലിശേരി, ബീച്ച് എന്നീ വാർഡുകളിലാണ് രോഗബാധ.

നഗരസഭാ പരിധിയിലെ ചില പ്രദേശങ്ങളിൽ ഛർദിയും വയറിളക്ക രോഗവും കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പകർച്ച വ്യാധികൾക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കാൻ കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. വാർഡുതല സാനിട്ടൈസേഷൻ കമ്മിറ്റികൾ ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യം, ഭക്ഷ്യസുരക്ഷാ, ജല അതോറിറ്റി, നഗരസഭ എന്നീ വകുപ്പുകളിലെ ജീവനക്കാരുടെ സംയുക്ത സംഘം രോഗബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും. മേഖലകളിൽ നിന്നു കൂടുതൽ പരിശോധനകൾക്കായി കുടിവെള്ള സാമ്പിളുകൾ ശേഖരിക്കും. നിലവിൽ രോഗബാധ നിയന്ത്രണ വിധേയമാണെന്നും ആർ.ഒ. പ്ലാന്റുകളിൽ നിന്നു ലഭിക്കുന്ന കുടിവെള്ളം ഉൾപ്പടെ തിളപ്പിച്ചാറ്റി മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ആർ.ഒ. പ്ലാന്റുകളുടെ പ്രവർത്തനം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോയെന്ന് നഗരസഭ പരിശോധിക്കും. ആർ.ഒ. പ്ലാന്റുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. നഗരസഭ പരിധിയിലെ കുടിവെള്ള പൈപ്പുകളുടെ പൊട്ടിയ ഭാഗം മുറിച്ചു മാറ്റി ക്ലോറിനേഷൻ ചെയ്യാൻ ജല അതോറിറ്റി നടപടി സ്വീകരിക്കും. യോഗത്തിൽ കളക്ടർ എ.അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.