s
ഓക്സിജൻ സംഭരണ ടാങ്ക്

ആലപ്പുഴ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗികൾക്ക് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് അനുവദിച്ച പുതിയ ഓക്‌സിജൻ സംഭരണ ടാങ്കിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. 10,000ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് കിട്ടാനില്ലാത്തതാണ് കാരണം.

മൂന്ന് മാസംമുമ്പാണ് ആശുപത്രിയിൽ നിലവിലുള്ള 5,000 ലിറ്റർ ദ്രവീകൃത ഓക്‌സിജൻ സംഭരണ ടാങ്കിന് പുറമേ പുതുതായി 10,000 ലിറ്റർ ടാങ്കിനു കൂടി അനുമതി നൽകിയത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് പ്രതിദിനം ആറായിരം ലിറ്റർ ഓക്‌സിജൻ വേണ്ടി വരും. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനാണ് പുതിയ സംഭരണ ടാങ്ക് വാങ്ങാൻ ജില്ലാ ഭരണകൂടംതീരുമാനിച്ചത്.
എല്ലാ ദിവസവും ഓക്‌സിജൻ വാഹനത്തിൽ എത്തിച്ച് നിറയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. ഏതെങ്കിലും സാങ്കേതിക കാരണത്താൽ ഒരുദിവസം ഓക്‌സിജൻ എത്തിക്കാൻ കഴിയാതെ വന്നാൽ ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുമെന്ന് അധികൃതർ പറയുന്നു. നിലവിലുള്ള പ്ളാന്റ് സ്ഥാപിച്ച പാലക്കാട്ടുള്ള സ്വകാര്യ കമ്പനി അധികൃതർ ആശുപത്രിയിൽ എത്തി പുതിയ ഓക്‌സിജൻ സംഭരണ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി.

പുതിയ പ്ളാന്റ് മെഡി.

ആശുപത്രിയ്ക്ക് വേണം

കേന്ദ്ര ആരോഗ്യ വകുപ്പ് കടപ്പുറത്തെ വനിതാ-ശിശു ആശുപത്രിയ്ക്കായി അനുവദിച്ച പ്ളാന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയെ അപേക്ഷിച്ച് കുറഞ്ഞ രോഗികൾ എത്തുന്ന കടപ്പുറത്തെ ആശുപത്രിയിൽ ചെറിയ പ്ളാന്റ് സ്ഥാപിക്കുകയും വലിയ പ്ളാന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലും ആർ.എം.ഒയും ഓക്സിജൻ നോഡൽ ഓഫീസർ ഡോ. നോനാൻ ചെല്ലപ്പനും കഴിഞ്ഞ ദിവസം കളക്ടറെ കണ്ടിരുന്നു.