ആലപ്പുഴ: ദേശീയപാതയിൽ കലവൂരിന് സമീപം മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് നാലാം ദിവസവും സ്പിരിറ്റ് മാറ്റാനായിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന ലോറി ഇന്നലെ എക്സൈസിന് കൈമാറി.
ലോറിയുടെ ബ്രേക്കിന്റെ തകരാറുകൾ പരിഹരിക്കാൻ ശ്രമം തുടങ്ങി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ മറ്റ് തകരാറുകളൊന്നുമില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ബ്രേക്കിന്റെയും മുൻഭാഗത്തെ ചില കേടുപാടുകളും പരിഹരിച്ചാൽ ഇതേ വാഹനത്തിൽ സ്പിരിറ്റ് തിരുവല്ലയ്ക്ക് കൊണ്ടുപോകാനാവും. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഉത്തർപ്രദേശിൽ നിന്നു കൊണ്ടുവന്ന 30,000 ലിറ്റർ സ്പിരിറ്റുമായി ടാങ്കർ ലോറി മറിഞ്ഞത്. അപകടത്തിൽ 2 ഡ്രൈവർമാരും ലോറിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥനും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം ഇന്നലെ എക്സൈസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞു. ഇവിടേക്കു കൊണ്ടുവന്ന സ്പിരിറ്റാണിത്.