ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികളിലൂടെ നടപ്പാക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടിയായ 'ആരോഗ്യപാഠം' പദ്ധതിയുടെ ആദ്യ മൊഡ്യൂൾ തയ്യാറായി. പകർച്ച വ്യാധികളുടെ പ്രതിരോധ മാർഗങ്ങൾ, ശുചിത്വം, ജീവിതശൈലീ രോഗങ്ങൾ, ശരിയായ ഭക്ഷണ ക്രമവും വ്യായാമവും, സ്വയം ചികിത്സയുടെ അപകടങ്ങൾ, സമയത്ത് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം, മാനസികാരോഗ്യം, ആരോഗ്യ പദ്ധതികളും സേവനങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ശരിയായ അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്നതാണ് ആരോഗ്യ പാഠം.

ജില്ലയിലെ അൺഎയിഡഡ് അടക്കം എല്ലാ സ്‌കൂളുകളും പദ്ധതിയുടെ ഭാഗമാകും.വിഷയങ്ങളെ കുറിച്ചുള്ള റഫറൻസ് മോഡ്യൂൾ ആരോഗ്യ വകുപ്പിലെ മാസ് മീഡിയ വിഭാഗം തയ്യാറാക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വഴിയാണ് അദ്ധ്യാപകർക്ക് നൽകുന്നത്. . വിദ്യാർത്ഥികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും ആരോഗ്യബോധവത്കരണ സന്ദേശങ്ങൾ എത്തിക്കാനും ഗുണപരമായ ആരോഗ്യശീലങ്ങൾ വളർത്താനും പദ്ധതിയിലൂടെ സാധിക്കും.

എല്ലാ ബുധനാഴ്ചയും

ബുധനാഴ്ചതോറും ഒരു വിഷയത്തെക്കുറിച്ച് ജില്ലയിലെ എല്ലാ സ്‌കൂളുകളിലേയും എല്ലാ ക്ലാസുകളിലും 15 മിനിട്ട് നേരം അദ്ധ്യാപകർ ക്ലാസെടുക്കും. തൊട്ടടുത്ത ബുധനാഴ്ച ഇതേ വിഷയത്തെക്കുറിച്ചുള്ള തുടർപ്രക്രിയ നടത്തും. ആരോഗ്യപാഠത്തിൽ കൈമാറ്റം ചെയ്ത വിഷയം എത്രത്തോളം വിദ്യാർത്ഥികൾ ഗ്രഹിച്ചു, നിത്യജീവിതത്തിൽ എത്രത്തോളം പ്രായോഗികമാക്കൻ കഴിയും, അവയ്ക്കുള്ള സംശയങ്ങൾ എന്നിവ ചർച്ചയിലൂടെ വിലയിരുത്തും. ഇതിന്റെ ഭാഗമായി ലഘു പ്രൊജക്ടുകൾ, ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങിയവയും നടത്തും.