ആലപ്പുഴ: ഡി.സി.സി മുൻ പ്രസിഡന്റ് എം. ലിജു അമ്പലപ്പുഴയിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഇല്ലിക്കൽ കുഞ്ഞുമോനെ തൽസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകി. ആകെയുള്ള 11 കൗൺസിലർമാരിൽ പത്തു പേരും കത്തിൽ ഒപ്പിട്ടു. തീരുമാനമെടുക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണ്.
ലിജുവിനെതിരെ മണ്ഡലത്തിൽ വ്യാപകമായി ഫ്ളക്‌സുകൾ പതിച്ചിരുന്നു. പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലക്സുകൾ പതിച്ചതെന്ന് വ്യക്തമായി. ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും ചെയ്‌തു. തോൽവിക്ക് പിന്നിൽ സ്വന്തം പാർട്ടിക്കാരുമുണ്ടെന്ന് വ്യക്തമായതോടെയാണ് ലിജു ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. അഡ്വ. റീഗോ രാജുവിനെ പാർലമെന്ററി പാർട്ടി ലീഡറായി നിയോഗിക്കണമെന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെ ആവശ്യം.