അമ്പലപ്പുഴ: മനോനില തെറ്റി റെയിൽവേ ട്രാക്കിലൂടെ രാത്രിയിൽ നടന്നുവന്ന യുവാവിനെ പൊലീസ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചു. ബീഹാർ സ്വദേശിയായ സമീർ ഹുസൈനാണ് (20) ശാന്തിഭവൻ അഭയമേകിയത്.

കഴിഞ്ഞ രാത്രി 10 ഓടെയാണ് സംഭവം. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.പി. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് സമീർ ഹുസൈനെ ശാന്തിഭവനിൽ എത്തിച്ചത്. ട്രെയിൻ വരുന്ന സമയമായതിനാൽ പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സമീറിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. കൊവിഡ് തുടങ്ങിയ ശേഷം തെരുവിലും റെയിൽവെ സ്റ്റേഷനുകളിലും അന്തിയുറങ്ങിയിരുന്ന 50 ഓളം പേരെയാണ് ഏറ്റെടുത്തതെന്ന് മാത്യു ആൽബിൻ പറഞ്ഞു. ഇത്രയും പേരുടെ ഭക്ഷണത്തിനും മരുന്നിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ശാന്തിഭവൻ അധികൃതർ പറയുന്നു. 20 ലക്ഷം രൂപ ചെലവു വരുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണവും പ്രതിസന്ധിക്കിടെ നടക്കുകയാണ്.