വള്ളികുന്നം : പകൽ സമയങ്ങളിൽ വൃദ്ധജനങ്ങൾക്ക് വിശ്രമിക്കാനായി വള്ളികുന്നം പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിനു സമീപം പണിതീർത്ത പകൽവീട് വികസനത്തിന് കാക്കുന്നു. ജില്ല പഞ്ചായത്ത് പത്തുവർഷം മുമ്പ് നിർമ്മിച്ച പകൽവീട് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളോളം കാട് കയറി കിടന്നിരുന്നു. നിരന്തര ആവശ്യങ്ങൾക്കൊടുവിൽ ഒരു വർഷം മുൻപാണ് പ്രവർത്തനം ആരംഭിച്ചത്. വിരലിലെണ്ണാവുന്ന വയോജനങ്ങൾ ഇവിടെ എത്തിയെങ്കിലും പ്രവർത്തനം പിന്നീട് നിലച്ചു പോയി.
ഹാൾ, അടുക്കള, ശൗചാലയങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും കെട്ടിടത്തിനുള്ളിലുണ്ടെങ്കിലും മാനസിക ഉല്ലാസത്തിന് ആവശ്യമായ ഒന്നും ഇവിടെയില്ല. വായനശാല, പാർക്ക് അടക്കം ഒട്ടേറെ അവശ്യങ്ങൾ പൂർത്തിയാകുന്നതും കാത്ത് കഴിയുകയാണ് പകൽ വീട്. സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പകൽ വീടിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
പകൽവീട് ഇപ്പോൾ
കെട്ടിടം കാടുകയറി
പാമ്പുകൾക്ക് താവളം
സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്നു
കൊവിഡ് കാരണമാണ് പകൽ വീടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടി ശക്തമാക്കാൻ സാധിക്കാതെ പോയത്. വയോജനങ്ങൾക്ക് മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള പദ്ധതികളും വായനശാലയും ലക്ഷ്യമിടുന്നുണ്ട്. ബഡ്ജറ്റിൽ ഇതിനായി തുക വകയിരുത്തും.
ബിജി പ്രസാദ് പ്രസിഡന്റ് വള്ളികുന്നം ഗ്രാമപഞ്ചായത്ത്
ഒട്ടേറെ വയോധികർക്ക് ആശ്രയമാകാവുന്ന ഒന്നാണ് പകൽ വീട്. വള്ളികുന്നതിന് ഇത് അവശ്യ ഘടകമാണ്. അധികൃതർ ശ്രദ്ധ ചെലുത്തണം.
ടി.ആർ.രവീന്ദ്രൻ നാട്ടുകാരൻ