മാവേലിക്കര: ഇരുവൃക്കകളും തകരാറിലായി ഐ.സിയുവിൽ കഴിയുന്ന യുവാവിനായി ഒരു നാട് കൈകോർക്കുന്നു.
കൊയ്പ്പള്ളികാരാൺമ അമ്പോലിൽ വീട്ടിൽ അനിലിന്റെ (കണ്ണൻമോൻ-45) ചികിത്സയ്ക്കായാണ് നാടൊന്നിക്കുന്നത്.
പക്ഷാഘാതത്തെ തുടർന്ന് ഒരു വർഷമായി രോഗശയ്യയിൽ കഴിയുന്ന അനിലിന് കഴിഞ്ഞ ഒരു മാസത്തിനിടെയാണ് വൃക്കകൾ തകരാറിലാത്. പുറമേ മസ്തിഷ്‌ക രോഗവും ബാധിച്ചു. ജൂലായ് 3ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിലെത്തിച്ചു.
ഡ്രൈവറായി ജോലി നോക്കിയിരുന്ന അനിലിന് ഭാര്യയും ഒൻപത് വയസുകാരി മകളുമുണ്ട്. നിത്യവൃത്തിക്ക് പോലും വഴിയില്ലാതെ വലയുന്ന കുടുംബത്തിന് ഭീമമായ ചികിത്സാ ചെലവ് താങ്ങാൻ ഒരു വഴിയുമില്ല. ഇവർക്ക് സാന്ത്വനമേകാൻ അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ചെട്ടികുളങ്ങര കിഴക്ക് മേഖലാ കമ്മിറ്റിയാണ് മുൻ കൈയെടുക്കുന്നത്.
ജൂലായ് 10, 11 തീയതികളിൽ സൊസൈറ്റിയുടെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സാമ്പത്തിക സമാഹരണത്തിനായി ഭവന സന്ദർശനം നടത്തും. നേരിട്ടോ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഓലകെട്ടിയമ്പലം ബ്രാഞ്ചിൽ ആരംഭിച്ചിരിക്കുന്ന അക്കൗണ്ട് വഴിയോ ഗൂഗിൾപേ വഴിയോ ഈ കാരുണ്യ പ്രവർത്തനത്തിൽ സുമനസുകൾക്ക് പങ്കാളികളാവാം. അക്കൗണ്ട് നമ്പർ: 100101000014457, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓലകെട്ടിയമ്പലം ബ്രാഞ്ച്, IFSC: IOBA0001001. ഗൂഗിൾപേ നമ്പർ: 9747762778.
അനിലിന്റെ ചികിത്സയുടെ പ്രാഥമിക ചെലവുകൾക്കായി സൊസൈറ്റിയുടെ ചെട്ടികുളങ്ങര കിഴക്ക് മേഖലാ കമ്മിറ്റി കണ്ടെത്തിയ 65,000 രൂപ സൊസൈറ്റി ഏരിയ സെക്രട്ടറി പി.പ്രമോദ് അഡ്വ.യു.പ്രതിഭ എം.എൽ.എക്ക് കൈമാറി. വാർഡ് കൺവീനർ എം.ആർ പ്രദീപ് എം.എൽ.എയിൽ നിന്നും തുക ഏറ്റുവാങ്ങി. സി.പി.എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ സെക്രട്ടറി ജി.അജിത്ത്, സുഭാഷ് ചന്ദ്രൻ, ദേവകുമാർ, എം.അഖിൽ, ജയ ദേവരാജ്, പ്രദീപ് ചന്ദ്രൻ, സംവിധായകൻ രവിശങ്കർ എന്നിവർ പങ്കെടുത്തു.