ചേർത്തല: സി.പി.എം പുറത്താക്കിയ ചേർത്തല ഏരിയ സെന്റർ മുൻ അംഗവും നഗരസഭയിലെ സ്വതന്ത്ര കൗൺസിലറുമായ പി.എസ്. ശ്രീകുമാർ സി.പി.ഐയിലേക്ക്.

തിരുനെല്ലൂർ ബാങ്ക് സെക്രട്ടറിയായിരുന്ന പി.എസ്. ശ്രീകുമാറിനെ രണ്ടര വർഷം മുമ്പ് വായ്പയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി പുറത്താക്കിയത്. ജില്ലാ കമ്മിറ്റി അംഗീകാരവും നൽകിയിരുന്നു. സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് നടപടിയെന്ന് ശ്രീകുമാർ ആരോപിച്ചിരുന്നു. നഗരസഭ തിരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ സ്വതന്ത്റനായി മത്സരിച്ച് സി.പി.ഐ സ്ഥാനാർത്ഥിയെ തോൽപിച്ചാണ് ശ്രീകുമാർ കൗൺസിലിലെത്തിയത്. മുന്നണി സ്ഥാനാർത്ഥിയെ തോൽപ്പിച്ചയാളെ സി.പി.ഐ തന്നെ പാർട്ടിയിലെടുക്കാൻ തീരുമാനിച്ചത് ഇടതുമുന്നണിയിൽ ചർച്ചയായിരുന്നു. സി.പി.എം പ്രതിഷേധത്തെ തുടർന്ന് സി.പി.ഐ ജില്ല, സംസ്ഥാന നേതൃത്വങ്ങൾ അംഗത്വം നൽകുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ശ്രീകുമാറിനൊപ്പം മുൻ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ മണിയമ്മ ധർമ്മജനും ടൗൺ ഈസ്​റ്റ് മേഖലയിലെ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള 35 പേരും സി.പി.ഐയിൽ അംഗത്വമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം നടപടിയെടുത്തവരെ സി.പി.ഐയിൽ എടുത്തത് മുമ്പും ഇരുപാർട്ടികളും തമ്മിൽ തർക്കങ്ങൾക്കിടയാക്കിയിരുന്നു. ശ്രീകുമാറിനെതിരെ ഉയർന്ന ആരോപണങ്ങളും കോടതിയിലടക്കം നിലനിൽക്കുന്ന കേസുകളും ഉയർത്തി തദ്ദേശ തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഇടതുപക്ഷം പ്രചാരണം നടത്തിയിരുന്നു. സ്വതന്ത്റ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകുമാർ നഗരസഭയിലെ വോട്ടെടുപ്പിലടക്കം ഇടത് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.