ആലപ്പുഴ : ലോക്ക് ഡൗണിനെത്തുടർന്ന് ജില്ലയിലെ നൂറുകണക്കിന് ചിപ്‌സ് നിർമ്മാതാക്കളും ഉപ്പേരി വില്പന നടത്തുന്നവരും പ്രതിസന്ധിയിലായി. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതും കടകൾ തുറക്കുന്നതിനുള്ള സമയനിയന്ത്രണവും ആണ് പ്രതിസന്ധിക്ക് കാരണം. മിക്ക ചെറുകിട ചിപ്സ് നിർമ്മാതാക്കളും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തൊഴിലാളികളുടെ എണ്ണം കുറച്ചു

ലോക്ക് ഡൗണിന് മുമ്പ് 500കിലോ ചിപ്‌സ് വില്പന നടന്നിരുന്ന കടകളിൽ ഇപ്പോൾ 100കിലോയ്ക്ക് താഴെയാണ് വില്പന. ഒരു കിലോ പച്ചക്കായയ്ക്ക് 32രൂപയാണ് ഇപ്പോൾ വില. ചിപ്‌സിന് വില കിലോയ്ക്ക് 320 രൂപയും.

ചക്കയുടെ സീസൺ ആണെങ്കിലും ചക്ക ഉപ്പേരിക്ക് ഇപ്പോൾ കിലോയ്ക്ക് 360രൂപയാണ് വില. കപ്പ വറുത്തതിന് കിലോയ്ക്ക് 240 രൂപയും. ഇപ്പോൾ മൂന്ന് കിലോ കപ്പയ്ക്ക് 50രൂപ മാത്രമേയുള്ളൂ. നിർമ്മാണവസ്തുക്കളുടെ വില കുറഞ്ഞാലും ഉത്പന്നങ്ങളുടെ വിലയിൽ കുവ് വരുത്തുന്നതിൽ ഉത്പാദകർ താല്പര്യം കാണിക്കാറില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.

രണ്ടുതരം കായ്, രണ്ട‌് തരം ചിപ്സ്

ഒന്നാം തരം പച്ചക്കായ്ക്കാണ് ഇപ്പോൾ മാർക്കറ്റ് വില കിലോഗ്രാമിന് 32രൂപ. രണ്ടാംതരം കായ കിലോയ്ക്ക് 20രൂപയ്ക്ക് ലഭിക്കും. അത്തരം കായ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിപ്‌സ് കിലോയ്ക്ക് 180രൂപയിൽ താഴെ വിലയ്ക്ക് നൽകാൻ കഴിയുമെന്ന് ചെറുകിട വ്യാപാരികൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു. രണ്ടാംതരം കായ കൊണ്ടുണ്ടാക്കുന്ന ചിപ്‌സ് ഒന്നാം തരം കായയുടെ ഒപ്പം കലർത്തി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

എണ്ണ വില (ഒരു കിലോഗ്രാമിന്)

വെളിച്ചെണ്ണ :194രൂപ

പാമോയിൽ: 124രൂപ

ഉപ്പേരിവില (കിലോഗ്രാമിന്)

വെളിച്ചെണ്ണയിൽ വറുത്തത്

ചിപ്‌സ്-320രൂപ

ചക്ക-360രൂപ

കപ്പ-240രൂപ

പാമോയിലിൽ വറുത്തത്

ചിപ്‌സ്-240രൂപ

ചക്ക-280രൂപ

കപ്പ-180രൂപ

"ലോക്ക് ഡൗണിന് മുമ്പ് ലഭിച്ചിരുന്ന കച്ചവടത്തിന്റെ നാലിൽ ഒന്നുമാത്രമാണ് ഇപ്പോഴുള്ളത്. കടകൾ തുറക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ കൂടുതൽ ഇളവ് നൽകണം.

കെ.എസ്.രാജേന്ദ്രൻ, കളരിക്കൽ ചിപ്സ്, ആലപ്പുഴ